കുഞ്ഞിനൊപ്പം യുവതിയുടെ ആത്മഹത്യ: ഭർതൃമാതാവടക്കം രണ്ടുപേർ അറസ്റ്റിൽ
കുറ്റിപ്പുറം : തവനൂർ അയങ്കലത്ത് എട്ടുമാസം പ്രായമായ കുഞ്ഞിനൊപ്പം യുവതി ഭർതൃഗൃഹത്തിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അയങ്കലത്ത് വടക്കത്ത് വളപ്പിൽ ഫാത്തിമയെയും(60) ഭർതൃസഹോദരിയുടെ മകൾ ഫാത്തിമ സഹലയെയും(18) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസിത്തിന്റെ ഭാര്യ സുഹൈല നസ്‌രിൻ(19) , എട്ടു മാസം പ്രായമായ മകൾ ഫാത്തിമ സഹ്റ എന്നിവരെ മുറിക്കുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലില്ലാതിരുന്ന ഭർതൃമാതാവും പേരമകളും തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയിരുന്നു. ഇവരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുണ്ട്. മുറി പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗാർഹിക പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ബാസിത്തിന് ഗൾഫിലാണ് ജോലി. ഗൂഡല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്രിൻ. പ്രതികളെ പൊന്നാനി മജിസ്ട്രട്ട് കോടതിയിൽ ഹാജരാക്കി.