സ്വാശ്രയ മെഡിക്കൽ പ്രവേശനം : മേൽനോട്ട സമിതിക്ക് ഇടപെടാം
ന്യൂഡൽഹി : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മേൽനോട്ട സമിതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ 2015 ഏപ്രിലിൽ 10ലെ ഉത്തരവും കണ്ടെത്തലും ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, അഭയ് എസ്. ഒഖ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. ഹൈക്കോടതി ഉത്തരവിനെതിരായ കരുണ മെഡിക്കൽ കോളേജിന്റെ ഹർജി തള്ളി.
2015 -16 ൽകണ്ണൂർ മെഡിക്കൽ കോളേജിലും കരുണ മെഡിക്കൽ കോളേജിലും പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്.എം.ബി.ബി.എസ്. സർട്ടിഫിക്കറ്റും ടി.സി.എം.സി പെർമന്റ് സർട്ടിഫിക്കറ്റും നാലാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുമെന്നും കോടതി വ്യക്തമാക്കി.
സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ , ഡെൻ്റൽ, നഴ്സിംഗ് , പാരാ മെഡിക്കൽ സീറ്റുകളിൽ പ്രവേശനത്തിനുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും മുൻപ് പരിശോധനയ്ക്കായി തങ്ങൾക്ക് മുന്നിൽ സമർപ്പിക്കണമെന്ന് കോളേജുകൾക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ട് കേരള
ആരോഗ്യ സർവകലാശാലയ്ക്ക് മേൽനോട്ട സമിതി 2014 മാർച്ച് 10ന് സർക്കുലർ നൽകിയിരുന്നു. എന്നാൽ , അപേക്ഷകരുടെ ഭാഗത്ത് നിന്ന് പരാതിയുണ്ടാകാതെ പ്രവേശനവിഷയത്തിൽ ഇടപെടാൻ മേൽനോട്ട സമിതിക്ക് അധികാരമില്ലെന്നായിരുന്നു കരുണ മെഡിക്കൽ കോളേജിന്റെ വാദം. ഇതോടെ 2014 ജൂലായ് 7ന് കരുണ മെഡിക്കൽ കോളേജിനെതിരെ മേൽനോട്ട സമിതി കേരള സർവകലാശാലയെ സമീപിച്ചു. 2013 -14 കാലഘട്ടത്തിൽ കോളേജിൽ പ്രവേശനം അനുവദിക്കരുതെന്നും നിർദേശിച്ചു. ഹൈക്കോടതിയും മേൽനോട്ട സമിതിയുടെ അധികാരം ശരിവച്ചു. ഇതിനെതിരെയാണ് കരുണ മെഡിക്കൽ കോളേജ് സുപ്രീംകോടതിയെ സമീപിച്ചത്.