കാലം തെറ്റിയ മഴ വെള്ളത്തിലായത് 800 ഹെക്ടർ കൃഷി​ ഒഴുകിപ്പോയത് 70 ലക്ഷം !

Wednesday 17 November 2021 1:01 AM IST

കൊല്ലം : കാലം തെറ്റിയെത്തിയ ശക്തമായ മഴ കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. കൂടുതൽ ദോഷമുണ്ടായത് നെൽകൃഷിക്കാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 800 ഹെക്ടർ കൃഷിയാണ് വെള്ളംകയറി നശിച്ചത്. 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഒക്ടോബറിൽ ആദ്യം പെയ്ത മഴയിൽ പാകിയ വിത്തും നട്ട ഞാറും നശിച്ചു പോയിരുന്നു. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്ന് 280 ഹെക്ടറിലെ നെൽകൃഷിയാണ് അന്ന് നശിച്ചത്. ഇതിലൂടെ നാല് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഷ്ടിച്ച് ഒരു മാസം തികയും മുമ്പേ എത്തിയ പ്രളയം കാർഷിക മേഖലയിൽ കനത്ത നാശം വിതച്ചു. മഴയിൽ നശിച്ച നെൽവിത്തിന് പകരമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആറ് ലക്ഷം രൂപയുടെ 6100 കിലോ വിത്ത് കർഷകർക്ക് സൗജന്യമായി നൽകിയിരുന്നു. ഇങ്ങനെ രണ്ടാമത് പാകിയ വിത്തും നട്ട ഞാറുകളുമാണ് ഇത്തവണ നശിച്ചുപോയത്.

ശക്തമായ മഴയിൽ ജില്ലയുടെ കാർഷിക മേഖല ആകെ വെള്ളത്തിലായി. പച്ചക്കറി, വാഴ, നെല്ല്, റബ്ബർ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളെല്ലാം നശിച്ചു. വർഷം മുഴുവൻ പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ട് മന്ത്രി പി. പ്രസാദിന്റെ പ്രത്യേക താത്പര്യപ്രകാരം ക്യഷി വകുപ്പ് പച്ചക്കറി വിത്തുകളും തൈകളും കർഷകർക്ക് നൽകിയിരുന്നു. ആ തൈകളാണ് ഫലമെത്താതെ മഴയിൽ മണ്ണടിഞ്ഞത്. പുനലൂർ, പത്തനാപുരം പ്രദേശങ്ങളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. അഞ്ചൽ, ആര്യങ്കാവ്, വെട്ടിക്കവല, ശാസ്താംകോട്ട, ചടയമംഗലം, ഇരവിപുരം, ശൂരനാട്, ഓണംപളളിൽ, വടക്കൻ മൈനാഗപ്പളളി തുടങ്ങിയ സ്ഥലങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി.

Advertisement
Advertisement