മോഡലുകളുടെ അപകട മരണം; ഹോട്ടലുടമയ്ക്ക് ഒളിപ്പിക്കാൻ ഏറെയുണ്ട്, സംശയിച്ച് പൊലീസ്, കാരണങ്ങൾ ഇങ്ങനെ

Wednesday 17 November 2021 11:48 AM IST

കൊച്ചി: മുൻ മിസ് കേരള ആൻസി കബീറും റണ്ണറപ്പ് അഞ്‌‌ജനാ ഷാജനുമടക്കം മൂന്നുപേരുടെ മരണത്തിനിടയായ സംഭവത്തിൽ ഡി.ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയ് വയലാട്ടിനെ ഇന്ന് പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയാണ്. റോയ് ഇന്നലെ ചോദ്യം ചെയ്യലിൽ ഹാജരാക്കിയത് യഥാർത്ഥ ഹാർഡ് ഡിസ്‌കല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം നൽകിയ ഹാർഡ് ഡിസ്‌കിൽ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളില്ല. പാർട്ടി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് റോയ് നശിപ്പിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഇത് തെളിഞ്ഞാൽ തെളിവ് നശിപ്പിച്ചതിന് കേസെടുക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്.

ഹോട്ടലിൽ വൈകി മദ്യം വിളമ്പിയിരുന്നു. ഇതിന്റെ തെളിവ് കിട്ടിയാൽ എക്‌സൈസ് നടപടിയുണ്ടാകുമെന്ന് പേടിച്ചാണ് ഹാർഡ് ഡിസ്‌ക് മാറ്റിയതെന്നാണ് റോയ് ഇന്നലെ പൊലീസിന് മൊഴി നൽകിയത്. മൊത്തം മൂന്ന് ഹാർഡ് ഡിസ്‌കിലാണ് ദൃശ്യങ്ങൾ എന്നാണ് പൊലീസ് അനുമാനിക്കുന്നത്. എന്നാൽ രണ്ട് ഹാർഡ് ഡിസ്‌കാണെന്നും ഇവ ഉടമതന്നെ നശിപ്പിച്ചെന്നും ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

രാത്രി നമ്പർ 18 ഹോട്ടലിലെ പാർട്ടികഴിഞ്ഞ് മോഡലുകൾ മടങ്ങവെയാണ് നവംബർ ഒന്നിന് പുലർച്ചെ അപകടമുണ്ടായത്. അന്ന് രാത്രി ഇവരുടെ കാറിനെ പിന്തുടർന്ന ഓഡി കാറിലുണ്ടായിരുന്ന സൈജുവിനെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് പിറകെ പോയതെന്നാണ് സൈജു നൽകിയ മൊഴി. എന്നാലിത് പൊലീസ് വിശ്വാസത്തിലെടുത്തില്ല.

അതേസമയം പൊലീസി​ലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്തി ക്യാമ്പ് ചെയ്ത് കേസന്വേഷണത്തിൽ ഇടപെട്ടതായി വിവരമുണ്ട്. ഈ ഉദ്യോഗസ്ഥൻ റോയ് വയലാട്ടിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി​ പലവട്ടം കൂടി​ക്കാഴ്ച നടത്തി​. കേസ് അട്ടി​മറി​ക്കലി​ന്റെ ഭാഗമാണോ, സംഭവത്തി​ലെ രാഷ്ട്രീയ പ്രാധാന്യമാണോ അദ്ദേഹത്തി​ന്റെ സാന്നി​ദ്ധ്യത്തി​ന് പി​ന്നി​ലെന്ന് വ്യക്തമായിട്ടില്ല. ഹാർഡ് ഡി​സ്കി​ലെ ദൃശ്യങ്ങൾ ‌ഈ ഉദ്യോഗസ്ഥൻ അന്വേഷണ ഉദ്യോഗസ്ഥരെ വി​ളി​ച്ചുവരുത്തി​ കണ്ടതായും അറി​യുന്നു.

Advertisement
Advertisement