പേരൂർക്കട ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി, ജോലിക്കെത്താത്തവർക്കെതിരെ കർശന നടപടി

Wednesday 17 November 2021 3:50 PM IST

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. ഇന്ന് രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. അത്യാഹിത വിഭാഗം, വിവിധ ഒ.പി.കള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, ഇസിജി റൂം എന്നിവ സന്ദര്‍ശിച്ച് രോഗികളുടേയും ജീവനക്കാരുടേയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്.

ആദ്യം ഒ.പി. വിഭാഗങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഒഫ്ത്താല്‍മോളജി ഒ.പി.യും, ദന്തല്‍ ഒ.പി.യും ഒഴികെ മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നില്ല. നിരവധി രോഗികൾ മെഡിസിന്‍ ഒ.പി.യില്‍ കാത്തിരുന്നെങ്കിലും ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് എത്തിയിരുന്നില്ല. ഓര്‍ത്തോ വിഭാഗത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.

ഒ.പി. വിഭാഗത്തിലെ ഡോക്ടര്‍മാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പലരും റൗണ്ട്‌സിലാണെന്ന വിവരമാണ് ലഭിച്ചത്. ഉടന്‍ തന്നെ വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ച മന്ത്രി ഡോക്ടര്‍മാര്‍ അവിടെയും എത്തിയിട്ടില്ലെന്ന് കണ്ടെത്തി. മാത്രമല്ല വാര്‍ഡുകളില്‍ റൗണ്ട്‌സും കൃത്യമായി നടക്കുന്നില്ലെന്നും വ്യക്തമായി. തുടർന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അറ്റന്റന്‍സ് പരിശോധിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Advertisement
Advertisement