കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം, റിക്ടർ സ്കെയിലിൽ 1.99 തീവ്രത
Wednesday 17 November 2021 4:28 PM IST
കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 1.99 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവകേന്ദ്രമെന്ന് സൂചന ലഭിച്ചു. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ ഇത് സംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാർ, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനമുണ്ടായത്. ഇത് സംബന്ധിച്ച് ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പതിനഞ്ച് സെക്കന്റോളം നീണ്ടു നിന്ന ഒരു മുഴക്കം ഉണ്ടായിരുന്നുവെന്നും ചെറിയ ഒരു വിറയൽ അനുഭവപ്പെട്ടുവെന്നും പ്രദേശവാസികൾ പറഞ്ഞു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലും ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.