ഔ​ഷ​ധി​ ​മ​രു​ന്നു​ക​ൾ​ ​കൂടുതൽ ജ​ന​ങ്ങ​ളി​ലേ​ക്ക് ​ എ​ത്തി​ക്കും: ​ ​ശോ​ഭ​നാ​ ​ജോ​ർ​ജ് ​

Thursday 18 November 2021 12:26 AM IST

കൊച്ചി: ഔഷധി ചെയർപേഴ്‌സണായി മുൻ എം.എൽ.എ ശോഭനാ ജോർജ് ചുമതലയേ​റ്റു. ആയുർവേദ ഔഷധനിർമ്മാണ രംഗത്ത് പൊതുമേഖലയിൽ രാജ്യത്തെ ഏ​റ്റവും വലിയ സ്ഥാപനമായ ഔഷധിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി ഔഷധി മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്ന് ചുമതലയേ​റ്റശേഷം ശോഭന ജോർജ് വ്യക്തമാക്കി. മരുന്നുകളുടെ വിപണനം
കാര്യക്ഷമമാക്കുന്നതിനായി ഓൺലൈൻ മുഖേനയുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും. അവർ പറഞ്ഞു.

500 ഓളം ക്ലാസിക്കൽ മരുന്നുകളും 26 ഓളം പ്രൊപ്രൈറ്ററി മരുന്നുകളും ഔഷധി ഇപ്പോൾ വിപണിയിൽ ഇറക്കുന്നുണ്ട്. വരും കാലത്തേക്ക് ആവശ്യമായ പുതിയ മരുന്നുകൾ വിപണിയിലെത്തിക്കുന്നതിനും അതിനാവശ്യമായ ഫാക്ടറി, ആർ ആൻഡ് ഡി വിഭാഗങ്ങളുടെ പാശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനും ശ്രമിക്കുമെന്നും അവർ കൂട്ടിചേർത്തു. ഔഷധിയുടെ പരിയാരം, പത്തനാപുരം, മുട്ടത്തറ കേന്ദ്രങ്ങളുടെ പ്രവർത്തനവും വ്യാപിപ്പിക്കും. ആയുർവേദ മരുന്ന് നിർമാണത്തിനായുള്ള ഔഷധസസ്യങ്ങളുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കുന്നതിനും, അവയുടെ സംരക്ഷണത്തിനും, ഔഷധ സസ്യക്കൃഷിയുടെ പ്രോത്സാഹനത്തിനുമായി, നടപ്പിലാക്കിവരുന്ന കർമ്മ പരിപാടികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കിലാക്കുമെന്നും ശോഭന ജോർജ് പറഞ്ഞു.

തൃശൂരിലെ ഔഷധി ഹെഡ് ഓഫീസിൽ എത്തിയ ചെയർപേഴ്‌സണെ ഔഷധി ഭരണസമിതിയംഗം
എ.എസ്.കുട്ടി, മാനേജിംഗ് ഡയറക്ടറുടെ ചുമതലയുള്ള ജനറൽ മാനേജർ രഘുനന്ദനൻ വി.മേനോൻ, ഫിനാൻഷ്യൽ കൺട്രോളർ പി.എം.ലതാകുമാരി, കമ്പനി സെക്രട്ടറി വിനീത.എസ്, മാർക്ക​റ്റിംഗ് മാനേജർ ഇ.ഷിബു, മാനേജർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.


 കേരളത്തിനകത്തും പുറത്തുമുള്ള ഔഷധിയുടെ മരുന്നുവിതരണ ശൃംഖല വിപുലമാക്കി സ്ഥാപനത്തിന്റെ വളർച്ച ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

- ശോഭന ജോർജ്

Advertisement
Advertisement