ഐ.പി.ഒയുമായി നിരവധി കമ്പനികൾ വടിയെടുത്ത് സെബി

Thursday 18 November 2021 1:06 AM IST

ന്യൂഡൽഹി: ഐ.പി.ഒയ്ക്ക് തയാറെടുക്കുന്ന കമ്പനികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി).

ഓഹരി വിപണി മികച്ച ഉയരംകുറിച്ച് മുന്നേറാൻ തുടങ്ങിയതോടെയാണ് വിപണിയിൽ ലിസ്റ്റ്‌ചെയ്യുന്ന കമ്പനികളുടെ എണ്ണത്തിലും റെക്കോഡിട്ടത്. സ്റ്റാർട്ടപ്പുകൾ ഉൾപ്പടെ നിരവധി കമ്പനികളാണ് ഐ.പി.ഒക്ക് തയ്യാറെടുക്കുന്നത്.

ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം എങ്ങനെ ചെലവഴിക്കാം എന്നതുൾപ്പടെയുള്ള വ്യവസ്ഥകളിലാണ് പുതിയ നിർദേശങ്ങളുള്ളത്. വിഷയത്തിൽ പൊതുജനങ്ങൾക്ക് നവംബർ 30വരെ അഭിപ്രായം അറിയിക്കാം. ഏറ്റെടുക്കലുകൾക്കും നിക്ഷേപത്തിനുമായി പരമാവധി 35ശതമാനം തുകയാണ് പുതുക്കിയ വ്യവസ്ഥപ്രകാരം ചെലവഴിക്കാൻ കഴിയുക. ലിസ്റ്റ്‌ചെയ്ത ഉടനെ ഓഹരി വിറ്റ് പിന്മാറുന്നതിൽനിന്ന് ആങ്കർ നിക്ഷേപകരെ തടയുന്നതിനും സെബി വ്യവസ്ഥ മുന്നോട്ടു വച്ചിട്ടുണ്ട്. പ്രാരംഭ ഓഹരി വില്പനയിലൂടെ പണസമാഹരണത്തിന് തയ്യാറെടുക്കുന്ന പുതുതലമുറ സാങ്കേതിക സ്ഥാപനങ്ങളെ (പോളിസി ബസാർ, പേ ടിഎം പോലുള്ള സ്റ്റാർട്ടപ്പ്) ലക്ഷ്യംവെച്ചാണ് സെബിയുടെ നിർദേശം.

മറ്റ് നിർദേശങ്ങൾ

 ഐ.പി.ഒ ഇഷ്യുവിന്റെ 35ശതമാനംവരെ തുക കോർപറേറ്റ് ആവശ്യങ്ങൾക്കും കമ്പനിയുടെ വളർച്ചയ്ക്കും പ്രയോജനപ്പെടുത്താം.

 പ്രൊമോട്ടർമാരെ വ്യക്തമാക്കാത്ത സ്ഥാപനങ്ങളുടെ ഐ.പി.ഒയിൽ, പ്രധാനപ്പെട്ട ഓഹരി ഉടമകളുടെ 50ശതമാനംവരെ ഓഹരികൾമാത്രമെ വിൽക്കാൻ അനുവദിക്കൂ. 20ശതമാനത്തിൽകൂടുതൽ ഓഹരികൾ കൈവശംവെച്ചിരിക്കുന്നവരെ പ്രധാന ഓഹരി ഉടമകളായി കണക്കാക്കും.

 അത്തരം ഓഹരി ഉടമകൾക്ക് ആറുമാസംവരെ ഓഹരി വിൽക്കാനാവില്ല. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ, മറ്റ് നിക്ഷേപകർ എന്നിവർ ഈ ഗണത്തിൽ ഉൾപ്പെടാം.

 ആങ്കർ നിക്ഷേപകരിൽ 50ശതമാനം പേരെങ്കിലും 90 ദിവസമെങ്കിലും നിക്ഷേപം നിലനിർത്തണം. നിലവിൽ 30 ദിവസമായിരുന്നു ഈ കാലാവധി.

 പുതുക്കിയ വ്യവസ്ഥപ്രകാരം ചെലവാക്കാൻ കഴിയുന്നത് :35 %

Advertisement
Advertisement