ഓംചേരിയുടെ പുസ്തക വിവാദം കോടതിയിലേക്ക്

Thursday 18 November 2021 12:00 AM IST

കൊച്ചി: ഓംചേരി എൻ.എൻ.പിള്ള എഴുതിയ പുസ്തകത്തിൽ ശ്രീനാരായണ ഗുരുദേവ സൂക്തം തെറ്റായി അച്ചടിച്ചതിനെച്ചൊല്ലിയുള്ള വിവാദം നിയമനടപടികളിലേക്ക്.

കോട്ടയത്തെ സാഹിത്യപ്രവർത്തക സഹകരണസംഘവും ന്യൂഡൽഹി മയൂർ വിഹാറിലെ മീഡിയ ഹൗസും സംയുക്തമായി പ്രസിദ്ധീകരിച്ച 'നന്ദി ഒരു വെറും വാക്കല്ല' എന്ന പുസ്തകത്തിന്റെ

ആമുഖക്കുറിപ്പിൽ ''അയലുതഴപ്പതിനായതി പ്രയത്നം നയമറിയും നരനാചരിച്ചിടേണം' എന്ന സാഹോദര്യസന്ദേശം 'അയല് തകർപ്പതിനായ് അതിപ്രയത്നം നയമറിയും നരൻ ആചരിച്ചിടേണം' എന്ന് വാക്കും ഘടനയും തെറ്റായാണ് അച്ചടിച്ചിരിക്കുന്നത്.

'തഴപ്പതിന്' എന്നവാക്ക് 'തകർപ്പതിന്' എന്നായത് സന്ദേശത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപിച്ച് ഒരുവിഭാഗം ഗുരുദേവ ഭക്തർ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. 2021 ൽ പ്രസിദ്ധീകരിച്ചതെന്ന് അവകാശപ്പെടുന്ന പുസ്തകം നാഷണൽ ബുക്ക് സ്റ്റാളാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജൂലായ് 28 ന് കോട്ടയത്തെ എൻ.ബി.എസ്. ശാഖയിൽ നിന്ന് പുസ്തകം വാങ്ങിയ എൻ.പി. ബാലചന്ദ്രൻ പിശക് കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിച്ചു. നാലു മാസം കഴിഞ്ഞിട്ടും തെറ്റ് തിരുത്താനോ പുസ്തകം പിൻവലിക്കാനോ പ്രസാധകർ തയ്യാറായി​ല്ല.

പിന്നാക്ക സമുദായ വികസന വകുപ്പ് മുൻമേധാവി വി.ആർ. ജോഷി, ഗുരുധർമ്മ പ്രചാരകൻ പി.എസ്. സോമനാഥൻ എന്നിവർ വിഷയം വീണ്ടും ഉന്നയിച്ചതോടെ കഴിഞ്ഞ 13ന് പുസ്തകവില്പന നിറുത്തിവച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തി പ്രസാധകർ പത്രക്കുറിപ്പും ഇറക്കി. പുതിയ എഡിഷനിൽ തെറ്റുതിരുത്തി ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ കോടതിയെ സമീപിക്കുന്നത്. ഇതൊരു കൈപ്പിഴയല്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. ഡോ.രാജു വാര്യർ, ഡോ. ജോയി വാഴയിൽ, ഡോ.സേവ്യർ വടക്കേക്കര എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തത്.

''ഓംചേരി എൻ.എൻ. പിള്ളയുടെ പുസ്തകത്തിലെ ഗുരുതരമായ പിശകിനെ കേവലമൊരു അക്ഷരത്തെറ്റായി കാണാനാവില്ല. പുസ്തകം പിൻവലിച്ച് മാപ്പുപറയുകയും പുതിയ എഡിഷനിലും പ്രമുഖ പത്രങ്ങളിലും ക്ഷമാപണം പസ്യപ്പെടുത്തുകയും വേണം.''

--വി.ആർ.ജോഷി,

മുൻ ഡയറക്ടർ,

പിന്നാക്ക സമുദായക്ഷേമ വകുപ്പ്

Advertisement
Advertisement