ഓൺലൈൻ ഗെയിം, പോംവഴി പുതിയ നിയമം മാത്രം

Thursday 18 November 2021 12:40 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികളെയും യുവാക്കളെയുമൊക്കെ അടിമകളാക്കി പണവും ജീവനും അപഹരിക്കുന്ന ഓൺലൈൻ ഗെയിം കമ്പനികൾ സംസ്ഥാനത്ത് വിലസുന്നു. ഓൺലൈനിൽ പണംവച്ചുള്ള റമ്മി കളി വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നും ഭാഗ്യപരീക്ഷണമല്ലെന്നും ഹൈക്കോടതിയിൽ വാദിച്ചാണ് കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഇറക്കിയ നിരോധനം റമ്മി കമ്പനി നീക്കിയെടുത്തത്. ഇതോടെ പണംവച്ച് ചീട്ടുകളി നടത്തുന്ന പത്ത് ഗെയിമുകളാണ് പുതുതായി കേരളത്തിലെത്തിയത്. ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ തൃശൂരിലെ പതിനാലുകാരൻ വരെ അരഡസനോളംപേർ പണംനഷ്ടമായി ജീവനൊടുക്കിയിട്ടുണ്ട്.

കർണാടക മാതൃകയിൽ ഓൺലൈൻ ഗെയിമിംഗ് ഉൾപ്പെടെ സമ്പൂർണ ചൂതാട്ടനിരോധനത്തിനായി നിയമഭേദഗതി വരുത്തുകയാണ് ഇനിയുള്ള പോംവഴി. ഓൺലൈൻ റമ്മി നിരോധന ഉത്തരവ് റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകുമെന്നും ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത് സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കുകയാണെന്നും നിയമസെക്രട്ടറി വി.ഹരി നായർ കേരളകൗമുദിയോട് പറഞ്ഞു.

ഗെയിമിംഗ് ആക്ട് പ്രകാരം പണംവച്ചുള്ള വാതുവയ്പ്പും കളികളും ചൂതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഓൺലൈൻ ഗെയിമുകൾ ഭാഗ്യപരീക്ഷണമല്ലെന്നും വൈദഗ്ദ്ധ്യംവേണ്ട കളിയാണെന്നുമാണ് കമ്പനികളുടെ വാദം. സ്‌കിൽഡ് ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. വൈദഗ്ദ്ധ്യാധിഷ്ഠിത ഗെയിമുകൾ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചൂതാട്ടമല്ലെന്നാണ് കേന്ദ്രനിയമം. ഇത് മുതലെടുത്താണ് ഓൺലൈൻ മരണക്കളി അറുതിയില്ലാതെ തുടരുന്നത്.

കുരുക്ക് ഇങ്ങനെ

 സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും പരസ്യം നൽകി യുവാക്കളെ ആകർഷിക്കും. മറുവശത്ത് മനുഷ്യരല്ല, നിർമ്മിതബുദ്ധിയിലെ പ്രോഗ്രാമുകളാണ് കളിക്കുന്നത്.

 നിയമാവലിയിൽ പണം ഈടാക്കുമെന്ന് പറയാതെ, ഇ-വാലറ്റിൽ പണം വേണമെന്നു മാത്രമാണുള്ളത്. തോൽക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ചോർന്നുകൊണ്ടിരിക്കും.

രക്ഷാകേന്ദ്രങ്ങൾ തുറക്കുന്നു

ഓൺലൈൻ ഗെയിമിന് അടിമകളാവുന്ന കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ ഡിജി​റ്റൽ ഡീ-അഡിക്ഷൻ സെന്ററുകൾ തുടങ്ങുകയാണ് സർക്കാർ. കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് ഉടൻ തുടങ്ങും.

"ഓൺലൈൻ ഗെയിമിന് അടിമകളായവർക്ക് ആരോഗ്യവകുപ്പും ലീഗൽ സർവീസ് അതോറിട്ടിയും ചേർന്ന് കൗൺസലിംഗ്, ചികിത്സ ലഭ്യമാക്കും.

-വി.ഹരി നായർ,

നിയമസെക്രട്ടറി

17

പേർ ജീവനൊടുക്കിയതോടെയാണ് തമിഴ്നാട് ഗെയിം നിരോധിച്ച് ഓർഡിനൻസിറക്കിയത്.

10കോടി

വരെ സമ്മാനത്തുക വാഗ്ദാനംചെയ്താണ് ഓൺലൈൻ ഗെയിമുകൾ യുവാക്കളെ ആകർഷിക്കുന്നത്.

Advertisement
Advertisement