വിനീത സ്മൃതി പുരസ്‌കാരം സാഹിറ കുറ്റിപ്പുറത്തിന്

Thursday 18 November 2021 12:21 AM IST

ചെർപ്പുളശ്ശേരി: പാലക്കാട് ഗവ. കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ ബസ് അപകടത്തിൽ മരിച്ച യുവ കവയത്രി വിനീതയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ വിനീത സ്മൃതി പുരസ്‌കാരത്തിന് സാഹിറ കുറ്റിപ്പുറം അർഹയായി.

വിനീതയുടെ ജന്മനാടായ ചവറയിലെ കയിലിയാട് എ. നാരായണമേനോൻ സ്മാരക ജനകീയ ഗ്രന്ഥശാല കലാലയ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

കാലടി സംസ്‌കൃത സർവകലാശാലയിലെ എം.എ സംസ്‌കൃതം വിദ്യാർത്ഥിനിയാണ് സാഹിറ. വിനീതയുടെ ഏഴാം അനുസ്മരണ ദിനമായ 24ന് കയിലിയാട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനനൻ പുരസ്‌കാരം സമ്മാനിക്കും. പതിനായിരം രൂപയും ബഹുമതി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രോത്സാഹന സമ്മാനത്തിന് അർഹരായ ദിവ്യ (എം.ഇ.എസ് കല്ലടി കോളേജ്), ജസ്റ്റിൻ പി. ജെയിംസ്, ദീഷ്ണ സുരേഷ് (സംസ്‌കൃത സർവകലാശാല), എം.ആർ. ആർച്ച (ഹിന്ദു കോളേജ് ദില്ലി), സ്വാലിഹ (സെന്റ് മേരീസ് കോളേജ് തൃശൂർ), ആകാശ് ഓങ്ങല്ലൂർ (ഐ.പി.ടി ഷൊർണ്ണൂർ), എന്നിവർക്കുള്ള ബഹുമതി പത്രവും, സമ്മാന പുസ്തകങ്ങളും സമ്മേളനത്തിൽ നൽകും.

ഡോ. സി.പി. ചിത്രഭാനു, കവി പി.രാമൻ, കെ.മനോഹരൻ, പി.എം.നാരായണൻ എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനർഹരെ തിരഞ്ഞെടുത്തത്.

വൈകീട്ട് അഞ്ചിന് കയിലിയാട് നടക്കുന്ന അനുസ്മരണ സമ്മേളനം ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. പുതുകവിതയുടെ വർത്തമാനം എന്ന വിഷയത്തിൽ കവി. പി.പി. രാമചന്ദ്രൻ പ്രഭാഷണം നടത്തുമെന്ന് ഗ്രന്ഥശാലാ പ്രസിഡന്റ് ഇ. ചന്ദ്രബാബു, സെക്രട്ടറി ഇ.ചന്ദ്ര മോഹനൻ എന്നിവർ അറിയിച്ചു.

Advertisement
Advertisement