ഇ.എസ്.ഐ തൊഴിലില്ലായ്മ വേതനം 2022 വരെ നീട്ടി
Thursday 18 November 2021 12:38 AM IST
ന്യൂഡൽഹി: കൊവിഡ് കാലത്ത് ജോലി നഷ്‌ടമായ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് തൊഴിലില്ലായ്മ വേതനം നൽകുന്ന അടൽ ബീമിത് വ്യക്തി കല്യാൺ യോജ്‌ന പദ്ധതിയുടെ കാലാവധി 2021 ജൂലായ് ഒന്നുമുതൽ 2022 ജൂൺ വരെ നീട്ടി ഇ.എസ്.ഐ കോർപറേഷൻ വിജ്ഞാപനമിറക്കി. തൊഴിൽ നഷ്‌ടപ്പെടും മുൻപ് 12 മാസം ജോലിയിലുണ്ടായിരിക്കുകയും അതിൽ ആറു മാസക്കാലം 78 ദിവസത്തെ വിഹിതം നൽകിയവർക്കുമാണ് ആനുകൂല്യത്തിന് അർഹത. ജോലി നഷ്‌ടപ്പെടുന്നതിന് മുൻപ് രണ്ടുവർഷം ജോലി ചെയ്‌തവർക്കായിരുന്നു നേരത്തെ ആനുകൂല്യം നൽകിയത്. മാനദണ്ഡങ്ങളിൽ ഇളവു വരുത്തി പദ്ധതി മുൻകാല പ്രാബല്യത്തോടെ ദീർഘിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഇ.എസ്.ഐ സെൻട്രൽ ബോർഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്‌ണൻ പറഞ്ഞു.