ഭക്ഷ്യസുരക്ഷാ ബോധവത്കരണം വിദ്യാലയങ്ങളിലേക്ക്

Thursday 18 November 2021 1:30 AM IST

പാലക്കാട്: സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണം ആരംഭിച്ചു. 'ഭക്ഷണം എങ്ങിനെ സുരക്ഷിതമാക്കാം ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വടക്കഞ്ചേരി ചെറുപുഷ്പം സ്‌കൂളിൽ നടന്ന സെമിനാർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലെ കൃത്രിമ നിറങ്ങളും രാസവസ്തുക്കളും കാൻസറിനും വൃക്ക, കരൾ രോഗങ്ങൾക്കും കാരണമാകുമെന്നും പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും കീടനാശിനികളുടെ അമിത സാന്നിധ്യം മാനസിക രോഗങ്ങൾക്കും വന്ധ്യതയ്ക്കും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഉപേക്ഷിച്ച് പരമ്പരാഗത ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ, പുട്ട്, ഉപ്പുമാവ്, കഞ്ഞി എന്നിവ ശീലമാക്കാൻ അദ്ദേഹം നിർദേശിച്ചു. തുടർന്ന് മൊബൈൽ ലാബ് ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കുന്ന വിധം പരിചയപ്പെടുത്തി. ഭക്ഷ്യസുരക്ഷാ ഓഫീസർ ആസാദ്, ടെക്നിഷ്യൻ ആനന്ദ് എന്നിവർ ക്ലാസുകൾ എടുത്തു.