ആനക്കരയിൽ ഡ്രാഗൺ ഫ്രൂട്ട് തോട്ടം ഒരുങ്ങുന്നു

Thursday 18 November 2021 12:32 AM IST

തൃത്താല: ആനക്കര പഞ്ചായത്തിൽ ഡ്രാഗൺ ഫ്രൂട്ട് തോട്ടം ഒരുങ്ങുന്നു. ആനക്കര പഞ്ചായത്ത് കൃഷിഭവൻ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഒരു ഹെക്ടർ സ്ഥലത്താണ് പരീക്ഷണാർത്ഥം ഡ്രാഗൺ ഫ്രൂട്ട് കൃഷിയിറക്കുന്നത്. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിർവഹിച്ചു. കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. മലമ്മക്കാവ് മേഖലയിലെ ചെങ്കല്ലെടുത്ത് ഉപയോഗശൂന്യമായ തരിശ്സ്ഥലങ്ങളെ കൃഷിയോഗ്യമാക്കി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനക്കര കൃഷിഭവൻ പദ്ധതി നടപ്പിലാക്കുന്നത്. തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിവകുപ്പ് ഇടപെടലിലൂടെ കൂടുതൽ സ്ഥലത്ത് വ്യാപകമായി ഡ്രാഗൺ ഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. കൂടാതെ റംബൂട്ടാൻ, മംഗോസ്റ്റിൻ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. അക്ബർ, റഷീദ്, ഷെമീർ എന്നീ മൂന്ന് യുവസുഹൃത്തുക്കളാണ് പ്രദേശത്ത് ആദ്യമായ പുതിയ കൃഷിരീതിയിലേക്ക് വന്നിരിക്കുന്നത്. ഡ്രാഗൺ ഫ്രൂട്ടിന്റെ പതിനാറോളം ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൂടാതെ വിജയൻ എന്ന കർഷകന്റെ ഒരേക്കർ സ്ഥലത്തും കൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.