ഐസിസ് റിക്രൂട്ട്മെന്റ് കേസ്: ഹംസഫർ കുറ്റക്കാരനെന്ന് കോടതി

Thursday 18 November 2021 12:46 AM IST

കൊച്ചി∙ ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് വിദേശത്തേക്കു കടത്തിയ കേസിലെ പ്രതിയും ഐസിസ് പ്രവർത്തകനുമായ കല്പറ്റ സ്വദേശി നഷിദുൽ ഹംസഫർ(28) കുറ്റക്കാരനാണെന്ന് എൻ.ഐ.എ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ 23ന് വിധിക്കും.

കാസർകോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു. 2016 മേയ്, ജൂൺ മാസങ്ങളിലാണ് യുവാക്കളെ ഐസിസിൽ ചേർക്കാനായി വിദേശത്തേക്കു കടത്തിയത്. സംഘത്തോടൊപ്പം ചേരാൻ 2017 ഒക്ടോബർ മൂന്നിന് ഹംസഫറും വിദേശയാത്ര നടത്തി. മസ്കറ്റ്, ഒമാൻ വഴി ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലെ കാബൂളിലുമെത്തിയ ഇയാൾ അവിടെ പിടിക്കപ്പെട്ടു. തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ ഹംസഫറിനെ 2018 സെപ്തംബർ 18 നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.