മുൾമുനയിൽ നിർത്തി അവസാന ഓവർ, നാലാം പന്ത് അതിർത്തി കടത്തി റിഷഭ് പന്ത്, ഇന്ത്യൻ ക്രിക്കറ്റിലെ ദ്രാവിഡ് യുഗത്തിന്റെ തുടക്കം ആവേശജയത്തോടെ

Wednesday 17 November 2021 11:00 PM IST

ജയ്‌പൂർ: രാഹുൽ ദ്രാവിഡ‌് ദേശീയ ടീമിന്റെ പരിശീലകനായെത്തിയ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മൂന്ന് മത്സര ടി ട്വന്റി പരമ്പരയിൽ 1 - 0ന് മുന്നിലെത്തി. ജയ‌്‌പൂരിലെ ആദ്യ അന്താരാഷ്ട്ര ടി ട്വന്റി മത്സരമായിരുന്നു ഇന്നത്തേത്. ഇതിനു മുമ്പ് നടന്ന 47 ഐ പി എൽ മത്സരങ്ങളിൽ 32 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. ആ ചരിത്രം അറിയാവുന്നത് കൊണ്ട് തന്നെയാകണം ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഒരു സംശയവുമില്ലാതെ ന്യൂസിലാൻഡിനെ ബാറ്റിംഗിന് അയച്ചു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റണ്ണെടുത്ത ന്യൂസിലാൻഡ് ഉയർത്തിയ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വെറും രണ്ട് പന്തുകൾ മാത്രം അവശേഷിപ്പിച്ചാണ് ഇന്ത്യ മറികടന്നത്.

വൻ സ്കോർ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ എൽ രാഹുലും രോഹിത് ശർമ്മയും ചേർന്ന് നൽകിയത്. അഞ്ച് ഓവറിനുള്ളിൽ തന്നെ ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 50 കടത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ സാന്റ്നറിന്റെ പന്തിൽ ചാപ്മാന് ക്യാച്ച് നൽകി കെ എൽ രാഹുൽ പുറത്തായി. 14 പന്തിൽ നിന്ന് 15 റൺസ് ആയിരുന്നു രാഹുലിന്റെ സമ്പാദ്യം.

രാഹുലിന് പകരം വന്ന സൂര്യകുമാർ യാദവ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകി. രോഹിത് ന്യൂസിലാൻഡ് ബൗളർമാരെ ഒരുവശത്തു നിന്ന് കടന്നാക്രമിച്ചപ്പോൾ നിലയുറപ്പിച്ചു കളിക്കാനായിരുന്നു സൂര്യകുമാർ യാദവിന്റെ ശ്രമം. എന്നാൽ 36 പന്തിൽ 48 റണ്ണെടുത്ത് ബോൾട്ടിന് വിക്കറ്റ് നൽകി ഇന്ത്യൻ നായകൻ മടങ്ങിയതോടെ സൂര്യകുമാർ യാദവ് തന്റെ തനിനിറം പുറത്തെടുത്തു. രോഹിത് നിർത്തിയിടത്തു നിന്ന് തുടങ്ങിയ സൂര്യകുമാർ യാദവ് ന്യൂസിലാൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 40 പന്തിൽ 62 റണ്ണെടുത്ത സൂര്യകുമാർ യാദവ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയതോടെ കളി ിന്ത്യയുടെ കൈയിൽ നിന്ന് വഴുതാൻ തുടങ്ങി.

19ാം ഓവറിന്റെ അവസാന പന്തിൽ അഞ്ച് റൺസെടുത്ത് ശ്രേയസ് അയ്യർ കൂടി പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. സാന്റ്നർ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത് പത്ത് റൺസ്. ക്രീസിൽ അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യർ. അവസാന ഓവറിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചു കൊണ്ട് വെങ്കിടേഷ് തന്റെ വരവ് അറിയിച്ചു. എന്നാൽ തൊട്ടടുത്ത പന്ത് പിന്നിലേക്ക് റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ ഷോർട്ട് ബാക്കവേഡ് പോയിന്റിൽ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകി വെങ്കിടേഷ് പുറത്തായതോടെ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലായി. എന്നാൽ നാലാം പന്ത് ബൗണ്ടറി പായിച്ച് റിഷഭ് പന്ത് ഇന്ത്യക്ക് നിർണായക വിജയം സമ്മാനിച്ചു.

നേരത്തെ മാർക്ക് ചാപ്മാന്റെയും (50 പന്തിൽ 63) മാർട്ടിൻ ഗപ്തിലിന്റെയും ബാറ്രിംഗ് മികവിലാണ് ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തത്.

Advertisement
Advertisement