പത്തനംതിട്ട ഡിപ്പോ ഇനി പമ്പാ ഹബ്

Thursday 18 November 2021 12:22 AM IST
പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി യുടെ പമ്പ സ്‌പെഷ്യൽ സർവീസുകളുടെ ഹബായി പത്തനംതിട്ടയിലെ നവീകരിച്ച കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അഭ്യർത്ഥന പ്രകാരമാണ് പത്തനംതിട്ടയിലെ ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകിയത്. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളിൽ നിന്ന് ട്രാൻ.ബസുകളിൽ യാത്ര തുടങ്ങുന്നവർ പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താൽ മതിയാകും. ഇവർ പത്തനംതിട്ടയിൽ ഇറങ്ങിയാൽ അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് മറ്റ് ചെയിൻ സർവീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാരന്റെ ടിക്കറ്റിന് നാലു മണിക്കൂർ വരെ സമയപരിധി ഉണ്ടാകും. അതായത് പത്തനംതിട്ടയിലെത്തി നാലു മണിക്കൂർ വരെ ഭക്ഷണത്തിനും വിശ്രത്തിനും ശേഷം യാത്ര തുടരാമെന്ന് സാരം. ഇവിടെ നിന്ന് അഞ്ച് മിനിറ്റ് ഇടവേളയിൽ പമ്പയിലേക്ക് ചെയിൻ സർവീസ് ഉണ്ടാകും. ഈ ബസുകൾ ഇടയ്ക്ക് ഭക്ഷണത്തിനായി ഒരിടത്തും നിറുത്തുകയില്ല. ഇൗ മാസം 22ന് പരീക്ഷണ സർവീസ് നടത്തും. ആദ്യഘട്ടത്തിൽ ചെയിൻ സർവീസിനായി 50 ബസുകൾ ലഭ്യമായിട്ടുണ്ട്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കും. കെ.എസ്.ആർ.ടി.സിയുടെ പുതിയ ടെർമിനലിൽ തീർത്ഥാടകർക്ക് വിശ്രമിക്കാനും ബാഗുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാകും. പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് ബയോ ശുചിമുറികളും കുടുംബശ്രീയുമായി സഹകരിച്ച് കാന്റീൻ സംവിധാനവും ഒരുക്കും. സമീപ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ദർശനത്തിനായി സർക്കുലർ സർവീസും ആരംഭിക്കും.

പരീക്ഷണ സർവീസ് 22ന്

50 ബസുകൾ

തീർത്ഥാടകർക്ക് ഭക്ഷണത്തിനും വിശ്രമത്തിനും

പത്തനംതിട്ടയിൽ 4 മണിക്കൂർ സൗകര്യം