തരംതാഴ്‌ത്തിയ പ്രിൻസിപ്പൽമാർക്ക് കോളേജുകളുടെ അധികച്ചുമതല

Thursday 18 November 2021 12:35 AM IST

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ യോഗ്യതയില്ലാത്തതിനാൽ തരംതാഴ്‌ത്തിയ ഗവ. എൻജിനിയറിംഗ് കോളേജുകളിലെ 18 പ്രിൻസിപ്പൽമാർക്കും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറക്ടർമാർക്കും അധികച്ചുമതലയോടെ അതത് കോളേജുകളിലും തസ്തികകളിലും തുടരാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കോളേജുകളിൽ എൻജിനിയറിംഗ് പ്രവേശനം നടക്കുന്നതിനാൽ പ്രിൻസിപ്പൽമാരുടെ അഭാവം ഭരണപരമായ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സ്ഥാനക്കയറ്റത്തിലൂടെ നിയമനം ലഭിച്ച 18 പ്രിൻസിപ്പൽമാരെയാണ് തരംതാഴ്‌ത്തിയത്. പ്രിൻസിപ്പൽ, ജോയിന്റ് ഡയറക്ടർ തസ്തികകളിലേക്ക് 43 പേർക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകിയിരുന്നെങ്കിലും ഇതിൽ ഭൂരിഭാഗം പേരും വിരമിച്ചവരാണ്. 2013മുതൽ മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം ലഭിച്ചവരിൽ മരിച്ചവരുമുണ്ട്. ഈ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം പരിഗണിച്ച് നിയമനം നടത്താൻ സമയമെടുക്കുമെന്നതിനാലാണ് തരംതാഴ്‌ത്തിയവർക്ക് അധികച്ചുതല നൽകിയത്.