രാത്രിയാത്ര വയനാട് റൂട്ടിലാണോ... ബസ് വൈകും, ഇനിയും അര മണിക്കൂർ!

Thursday 18 November 2021 12:24 AM IST

കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗണോടെ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവിസുകൾ ഇപ്പോഴും പുന:രാരംഭിക്കാത്ത സാഹചര്യത്തിൽ താമരശ്ശേരി, വയനാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ദുരിതം തന്നെ. രാത്രി പത്തു കഴിഞ്ഞാൽ പിന്നെ ബസ്സുകൾ തീരെ കുറവാണെന്നിരിക്കെ മണിക്കൂറുകൾ കാത്തുകഴിയേണ്ടി വരികയാണ് ആളുകൾക്ക്.

വിദൂരസ്ഥലങ്ങളിൽ നിന്നു ട്രെയിനിൽ രാത്രി കോഴിക്കോട്ട് ഇറങ്ങി ബസും പ്രതീക്ഷിച്ച് കെ.എസ്.ആർ.ടി.സി ടെർമിനലിൽ പാ‌ഞ്ഞെത്തുന്നവർക്ക് പിന്നെ വല്ലാത്ത പരീക്ഷണമാണ്. രാത്രി പത്തിനു ശേഷം വിരലിലെണ്ണാവുന്ന ബസ്സുകളേയുള്ളൂ വയനാട് റൂട്ടിൽ. പത്തു മണിയുടെ ബസ് കഴിഞ്ഞാൽ പിന്നെയുള്ളത് പതിനൊന്നരയുടെ സൂപ്പർ ഫാസ്റ്റ്. മാനന്തവാടിയ്ക്കുള്ള ഈ ബസ് ചില ദിവസങ്ങളിൽ എത്താൻ തന്നെ പന്ത്രണ്ട് കഴിയും. എത്തിക്കഴി‌ഞ്ഞാൽ തന്നെ അര മണിക്കൂർ വിശ്രമം.

ബസ് എത്തുമ്പോഴേക്കും നാലു വണ്ടിയ്ക്കുള്ള ആളുകൾ തിക്കിത്തിരക്കുന്നുണ്ടാവും. ഇടിച്ചുകയറാനാവുന്നവർക്കേ അകത്ത് ഒരു വിധത്തിൽ ഇടംകിട്ടൂ. ഒപ്പം സ്ത്രീകളും കുട്ടികളുമുള്ളവർക്ക് അടുത്ത ബസ്സിനായി കാത്തിരിക്കണം. അതു വന്നാലും തള്ളിക്കയറാതെ പറ്റില്ല. ഇടിയുദ്ധത്തിനിടെ തട്ടിത്തടഞ്ഞുള്ള വീഴ്ചയും ചതവുമൊക്കെ സ്വാഭാവികം.

രാത്രി വൈകിയാൽ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ വല്ലാത്ത തിരക്ക് പതിവുകാഴ്ചയായിട്ടും ട്രാൻസ്‌പോർട്ട് അധികാരികൾ കനിയുന്നില്ല. പല റൂട്ടുകളിലും രാത്രി യാത്രക്കാർ കുറവാണെന്ന പഴയ ഭാഷ്യമാണ് ഇപ്പോഴും അധികൃതരുടേത്.

വന്നാൽ വന്നുവെന്ന മട്ടിലുള്ള ബസ്സുകൾക്കായി ബഹുഭൂരിപക്ഷത്തിനും നിന്നേ പറ്റൂ. ഇരിപ്പിട സൗകര്യം തീരെ പരിമിതമെന്നതു തന്നെ കാര്യം. നിന്നു കാലുകഴച്ചു നിവൃത്തിയില്ലാതെ വരുമ്പോൾ പലരും ക്ഷീണിച്ച് നിലത്തുതന്നെ ഇരിക്കും. അതല്ലെങ്കിൽ ഗോവണിയിലെ സ്റ്റെപ്പുകളിലും മറ്റുമായി അഭയം തേടും.

ലോക് ഡൗണിനു മുമ്പ് രാത്രി ഇടവിട്ടെന്നോണം ബസ്സുകളുണ്ടായിരുന്നു വയനാട് റൂട്ടിൽ. 10.44 ന് സുൽത്താൻ ബത്തേരിയ്ക്കും തൊട്ടു പിന്നാലെ 11 ന് മെെസൂരുവിലേക്കും മറ്റും സർവിസുണ്ടായിരുന്നു. പത്ത് കഴിഞ്ഞാൽ പത്തരയ്ക്ക് ബാലുശ്ശേരി വഴി താമരശ്ശേരി ഭാഗത്തേക്കും ബസ്സോടിയിരുന്നതാണ്.

രാത്രി വൈകി ജോലി കഴിഞ്ഞിറങ്ങുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു ബാലുശ്ശേരി - താമരശ്ശേരി ഓർഡിനറി സർവിസ്. ഈ സർവിസ് മുടങ്ങിയതോടെ മണിക്കൂറുകൾ കാത്തിരുന്ന് മാനന്തവാടി, സുൽത്താൻ ബത്തേരി ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഒൻപതു കഴിഞ്ഞാലുടനെയുളള താമരശ്ശേരി സർവിസുകൾ നിറുത്തിയതും തിരിച്ചടിയായി. അർദ്ധരാത്രി കഴിഞ്ഞ് വല്ലപ്പോഴുമായി എത്തുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിൽ കയറിപ്പറ്റിയാൽ തന്നെ വലിയ നിരക്ക് കൊടുക്കേണ്ടി വരുന്നുവെന്ന പ്രശ്നവുമുണ്ട്.

Advertisement
Advertisement