"നീന്തി വാ മക്കളേ" തുടങ്ങി,​ കുരുന്ന് ബ്രാൻഡ് അംബാസഡറുടെ കിടലൻ നീന്തൽപ്രകടനത്തോടെ

Thursday 18 November 2021 12:25 AM IST

മുക്കം നഗരസഭയുടെ നീന്തി വാ മക്കളേ പദ്ധതി മൂന്നു വയസ്സുകാരി റന ഫാത്തിമ നീന്തി ഉദ്ഘാടനം ചെയ്തപ്പോൾ

മുക്കം: മുക്കം നഗരസഭയുടെ 'നീന്തി വാ മക്കളെ" പദ്ധതിയുടെ തുടക്കം വേറിട്ടതായപ്പോൾ കാണികൾക്കെന്ന പോലെ പരിശീലനത്തിനെത്തിയവർക്കും കൗതുകവിരുന്നായി. മൂന്നു വയസ്സുകാരി റന ഫാത്തിമ സ്വിമ്മിംഗ് പൂളിൽ നീന്തിക്കടന്ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ നിലയ്ക്കാത്ത കൈയടിയായിരുന്നു. ഒഴുക്കേറെയുള്ള പുഴയിൽ നീന്തി നേരത്തെ വാർത്തയിൽ ഇടംപിടിച്ചിരുന്നു ഈ മിടുക്കി.

വിദ്യാർത്ഥികൾക്ക് നീന്തലിൽ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകുന്ന ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാണ് റന. മാദ്ധ്യമപ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെ മകളാണ്.

നീന്തൽ അറിയാവുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർ സിംഗർ സ്വിമ്മിംഗ് പൂളിൽ നടന്നു. കടമ്പ കടന്ന് 216 വിദ്യാർത്ഥികൾ സാക്ഷ്യപത്രം നേടി.

ചടങ്ങിൽ നഗരസഭ ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. ചെറുപ്രായത്തിൽ നീന്തൽ പഠിക്കാൻ കുട്ടികൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു വയസ്സുകാരിയെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സ്പോർട്സ് കൗൺസിൽ ചെയർമാൻ ഒ.രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. നഗരസഭ സെക്രട്ടറി എൻ. കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്.ഷാജഹാൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. നീലേശ്വരം ഹൈസ്കൂളിന് വേണ്ടി ടോമി ചെറിയാൻ ആദ്യസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി, കെ.കെ. റുബീന, വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, ഫാത്തിമ കൊടപ്പന, നികുഞ്ജം വിശ്വനാഥൻ, ഇ.സത്യനാരായണൻ, എം.മധു എന്നിവർ സംബന്ധിച്ചു.