ദുരിതംനീന്തി അച്ചൻകോവിലാറിന്റെ തീരവാസികൾ

Thursday 18 November 2021 12:33 AM IST

പന്തളം: അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളായ മുടിയൂർക്കോണം, തോട്ടക്കോണം, മുളമ്പുഴ, മങ്ങാരം, തോന്നല്ലൂർ, കടയ്ക്കാട്ടു പ്രദേശങ്ങൾ വെള്ളപ്പൊക്കക്കെടുതികളുടെ നടുവിലാണ്. ചേരിക്കൽ, എം.എസ്.എം പൂഴിക്കാട് പ്രദേശങ്ങളിലും വെള്ളക്കെട്ട് പതിവായി. വീടുകളിൽ വെള്ളം കയറുമ്പോൾ ക്യാമ്പുകളിൽ അഭയം തേടുന്നവർക്ക് അധികാരികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് പരാതിയുണ്ട്. നഗരസഭ അധികൃതരും തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത്. ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും ഏക്കറുകണക്കിന് വസ്തുക്കളാണ് അച്ചൻകോവിലാറ്റിലേക്ക് ഇടിഞ്ഞുതാഴുന്നത്. തോട്ടക്കോണം ഭാഗത്ത് അച്ചൻകോവിലാറിന്റെ തീരപ്രദേശത്ത് മുമ്പുണ്ടായിരുന്ന മൺചിറകൾ ഒരു പരിധി വരെ വെള്ളപ്പൊക്കത്തിൽ നിന്ന് ഈ പ്രദേശത്തേ സംരക്ഷിച്ചിരുന്നു. തീരങ്ങൾ ഇടിയുന്നതിനാൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരുമ്പോൾ കരയിലേക്ക് ഒഴുക്ക് കൂടും. അച്ചൻകോവിലാറ്റിലെ നിരവധി കുളിക്കടവുകൾ തകർന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.

തോടുകളുടെ കവാടങ്ങളിൽ ഷട്ടറോടു കുടിയ ചീപ്പുകൾ നിർമ്മിച്ചും കടയക്കാട്ട് മുതൽ ഐരാണിക്കുടി വരെയുള്ള ഭാഗത്ത് തീരസംരക്ഷണഭിത്തി നിർമ്മിച്ചും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാവുന്നതാണ്.

ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കാനോ അവരെ സന്ദർശിക്കാനോ നഗരസഭാ അധികൃതർ തയ്യാറായിട്ടില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,കെ.ആർ. രവി, പന്തളം മഹേഷ്‌, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആക്ഷേപമുന്നയിച്ചു.