സമനില മേളത്തോടെ മെസിയും കൂട്ടരും ഖത്തറിലേക്ക്

Wednesday 17 November 2021 11:40 PM IST

ബ്രസീലുമായി ഗോൾ രഹിത സമനില, അർജന്റീന ഖത്തർ ലോകകപ്പിന് യോഗ്യത നേടി

സാൻ യുവാൻ: കഴിഞ്ഞ ദിവസം നടന്ന ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനെതിരേ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത. മേഖലയിലെ മറ്റൊരു മത്സരത്തിൽ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ് അർജന്റീനയുടെ യോഗ്യത ഉറപ്പായത്.

കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന വിജയം നേടിയതിന് ശേഷം ഇരുടീമുകളും ആദ്യമായി മുഖാപുഖം വന്ന മത്സരമായിരുന്നു ഇത്. സൂപ്പർ താരം മെസിയുടെ നേതൃത്വത്തിൽ അർജന്റീന ഇറങ്ങിയപ്പോൾ ബ്രസീൽ നിരയിൽ പരിക്ക് മൂലം നെയ്മർ ഉണ്ടായിരുന്നില്ല.

ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ മെസിയുടെ ഒരു ലോംഗ് റേഞ്ചർ ബ്രസീൽ ഗോളി ആലിസൺ തടുത്തിട്ടത് നിർണായകമായി. 61-ാം മിനിട്ടിൽ ബ്രസീൽ താരം ഫ്രെഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയിരുന്നു,34-ാം മിനിട്ടിൽ അർജന്റീന താരം നിക്കോളാസ് ഓട്ടമെൻഡിയുടെ കൈമുട്ട് ഇടിച്ച് ബ്രസീൽ താരം റാഫിന്യയ്ക്ക് പരിക്കേറ്റിരുന്നു.