പാട്ടക്കുടിശിക; കേസിൽ കുരുങ്ങി സ്ഥലമേറ്റെടുക്കൽ

Thursday 18 November 2021 12:08 AM IST

കൊച്ചി: നഗരത്തിൽ കോടികളുടെ പാട്ടക്കുടിശിക വരുത്തിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്ന നടപടികൾ വൈകുന്നു. ഒക്ടോബറിൽ സ്ഥലം ഏറ്റെടുക്കൽ ഉൗർജിതമാക്കിയിരുന്നു. കുടിശികക്കാർ കോടതിയെ സമീപിച്ചതോടെ തുടർനടപടികൾ വൈകി.

പല സ്ഥാപനങ്ങളും അടയ്ക്കാനുള്ളത് ഭീമമായ തുകയാണെന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വ്യക്തമായിരുന്നു. ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകിയിട്ടും സ്ഥാപനങ്ങൾ അനങ്ങാപ്പാറ നയം തുടർന്നതോടെയാണ് സ്ഥലം പിടിച്ചെടുക്കൽ ആരംഭിച്ചത്. അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പക്കൽ നിന്ന് അഞ്ചു സെന്റ് സ്ഥലം ഏറ്റെടുത്തായിരുന്നു തുടക്കം. ഫൈൻ ആർട്സ് സൊസൈറ്റിയും ബോൾഗാട്ടി പാലസും ഉൾപ്പെടെ 16 പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. 9 പേർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. കഴിഞ്ഞ മാസം മറ്റ് രണ്ട് സ്ഥാപനങ്ങൾ കൂടി കോടതിയെ സമീപിച്ചു.

ഭൂമി തിരിച്ചുപിടിക്കുന്ന നടപടികളിൽ നിന്ന് തെല്ലും പിന്നോട്ടില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌റ്റേ ഒഴിവാകുമ്പോൾ നിയമപരമായി തന്നെ സ്ഥലം പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു.

പാട്ടക്കുടിശിക വരുത്തിയ ആകെ സ്ഥാപനങ്ങൾ- 46 (കണയന്നൂർ താലൂക്കിൽ മാത്രം)
നോട്ടീസ് നൽകിയത്- 16
ഏറ്റെടുത്തത്- 1
സ്‌റ്റേ വാങ്ങിയത്- 11

Advertisement
Advertisement