ഒന്നര വർഷത്തെ ഫുൾ റെസ്റ്റ്; ടെസ്റ്റില്ലാതെ നിരത്തിലോട്ടം! സംഭവിക്കാം മെക്കാനിക്കൽ ബ്രേക്ക്‌ഡൗൺ ദുരന്തം

Thursday 18 November 2021 12:18 AM IST

കൊച്ചി: ഫിറ്റ്നസ് ടെസ്റ്റിനുള്ള ഇളവിന്റെ കരുത്തിൽ നിരത്തിലോടുന്ന സ്വകാര്യ ബസുകളുടെ കാര്യത്തിൽ അതീവശ്രദ്ധ വേണമെന്ന് മോട്ടോർ‌ വാഹന വകുപ്പ്. ഒന്നര വ‌ർഷത്തോളം വെറുതെ കിടന്ന ബസുകളിൽ എപ്പോൾ വേണമെങ്കിലും മെക്കാനിക്കൽ ബ്രേക്ക് ഡൗൺ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം എറണാകുളം ഫോ‌ർഷോ‌ർ റോഡിൽ 12 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച ബസ് അപകടത്തിന് കാരണം മെക്കാനിക്കൽ ബ്രേക്ക് ഡൗണായിരുന്നു. വൻ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന ഇത്തരം കേടുപാടുകൾ തീ‌ർത്താൽ മാത്രമേ വാഹനം ഫിറ്റ്നസ് ടെസ്റ്റ് പാസായി നിരത്തിലിറക്കാൻ സാധിക്കൂ. കേന്ദ്ര സ‌ർക്കാരിന്റെ ഇളവ് സംസ്ഥാന സർ‌ക്കാ‌ർ നീട്ടി നൽകിയിട്ടുള്ളതിനാൽ ഭൂരിഭാഗം ഉടമകളും ബസുകൾ ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല.

 കേന്ദ സ‌ർക്കാ‌ർ ഇളവ് - ഒക്ടോബർ 1, 2021 (അവസാനിച്ചു)

 സംസ്ഥാന സ‌ർക്കാ‌ർ - ഡിസംബ‌ർ 31, 2021 (നീട്ടി നൽകി)

 മെക്കാനിക്കൽ ബ്രേക്ക്ഡൗൺ

യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമാകും വിധം വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ. എറണാകുളത്ത് അപകടത്തിന് കാരണമായ ബസിന്റെ ബ്രേക്ക് പെഡ‌ൽ ഒടിഞ്ഞുപോവുകയായിരുന്നു. ഇതോടെ വാഹനം നി‌റുത്താൻ കഴിയാതെയായി. വളവ് തിരിഞ്ഞ് ഇടുങ്ങിയ വഴിയിൽ 20 കിലോമീറ്റ‌ർ വേഗത്തിലായിരുന്നു ബസിന്റെ വരവ്. ബ്രേക്ക് പെഡൽ തുരുമ്പിച്ച് ഒടിഞ്ഞതാകാമെന്നാണ് വിലയിരുത്തൽ. ഒന്നര വ‌ർഷത്തോളം ഷെഡിൽ കിടന്ന ബസുകൾക്ക് ഇത്തരം കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ്.

20 ശതമാനം

എറണാകുളം നഗരത്തിൽ 340-370 ബസുകളാണ് ശരാശരി സ‌ർവീസ് നടത്തുന്നത്. ഇതിൽ 20ശതമാനം മാത്രമേ ഫിറ്റ്നസ് ടെസ്റ്ര് പൂ‌ർത്തിയാക്കിയിട്ടുള്ളൂ. സംസ്ഥാനത്തെ എല്ലാ ആ‌ർ.ടി.ഒ. ഓഫീസുകളിലും സമാനമാണ് സ്ഥിതി.

വേണം 1 മുതൽ 2 ലക്ഷം വരെ

സ്വകാര്യ ബസുകളുടെ ടെസ്റ്രിന് 60,000 - 70,000 രൂപ വരെയാണ് സാധാരണ ചെലവ്. ലോക്ക്ഡൗണിൽ വെറുതേകിടന്ന ബസുകൾ നിരത്തിലിറക്കാൻ ചുരുങ്ങിയത് ഒന്ന് മുതൽ രണ്ട് വരെ ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി വേണം. ഇന്ധന വിലക്കയറ്രവും കൊവിഡ് പ്രതിസന്ധിയും ഉടമകളെ കടക്കെണിയിലാക്കി.

ഡിസംബർ 31ന് മുമ്പ് എല്ലാ സ്വകാര്യ ബസുകളുടെയും ടെസ്റ്ര് പൂ‌ർത്തിയാക്കും. കൊവിഡ് സാമ്പത്തികമായി തക‌ർത്തതാണ് കാലാവധി നീട്ടി ചോദിക്കാൻ നിർബന്ധിതരാക്കിയത്.

എം.ബി. സത്യൻ

സംസ്ഥാന പ്രസിഡന്റ്

ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ