നൂറ് മാലാഖമാർ ആതുരാലയങ്ങളിലേക്ക്...,​ നിയമന ഉത്തരവ് 19ന് കൈമാറും

Thursday 18 November 2021 12:45 AM IST

കൊല്ലം: മരുന്നും സ്നേഹ മന്ത്രങ്ങളുമായി നൂറ് മാലാഖമാർ ആതുരാലയങ്ങളിലേക്ക്. ജില്ലാ പഞ്ചായത്തിന്റെ ജനകീയ പദ്ധതിയായ മാലാഖക്കൂട്ടത്തിലെ അംഗങ്ങളെയാണ് രണ്ട് വർഷത്തേയ്ക്ക് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിയമിക്കുന്നത്. ജില്ലാ,​ താലൂക്ക് ആശുപത്രികളിലെത്തുന്ന രോഗികൾക്ക് മികച്ച ശുശ്രൂഷ ലഭിക്കുംവിധമാണ് ഇവരെ പ്രാപ്തരാക്കിയിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജനറൽ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവരിൽ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചിരുന്നു. ഇവരിൽ നിന്നാണ് നൂറുപേരെ തിരഞ്ഞെടുത്തത്. കാലാവധി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് സംസ്ഥാനത്തിന് അകത്തും പുറത്തും നഴ്സ് നിയമനത്തിന് സഹായകരമാണ്. വിദേശ ജോലിക്ക് ഹാജരാക്കാനും ഉപകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

2.76 കോടിയുടെ പദ്ധതി

ജില്ലാ പഞ്ചായത്ത് മാലാഖക്കൂട്ടം പദ്ധതിയ്ക്കായി 2 കോടി 76 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതിൽ 60 ലക്ഷം രൂപ ആദ്യഘട്ടത്തിന് അനുവദിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള പെൺകുട്ടികൾക്ക് നഴ്സിംഗ് തൊഴിലവസരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനറൽ നഴ്സിംഗ് കഴിഞ്ഞവർക്ക് 10,000 രൂപയും ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവർക്ക് 12,500 രൂപയും മാസവേതനമായി ലഭിക്കും.

ഉദ്ഘാടനം 19ന്

മാലാഖക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 19ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ചേരുന്ന യോഗത്തിൽ നൂറ് നഴ്സുമാർക്ക് രണ്ട് വർഷത്തേയ്ക്കുള്ള നിയമന ഉത്തരവ് മന്ത്രി കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം.കെ.ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും.

" ജില്ലാ പഞ്ചായത്തിന് മാലാഖക്കൂട്ടം പദ്ധതി അഭിമാനമാണ്. കടംവാങ്ങിയും വായ്പയെടുത്തുമൊക്കെ നഴ്സിംഗ് പഠനം പൂർത്തിയാക്കിയവരുണ്ട്. പഠനം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവരാണ് അധികവും. ഇവർക്ക് രണ്ട് വർഷമെങ്കിലും സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യാൻ അവസരമൊരുക്കുകയെന്നത് വലിയ കാര്യമാണ്."

അഡ്വ. സാം.കെ.ഡാനിയേൽ,

പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്

Advertisement
Advertisement