ഉല്ലാസ് വരും, 'സ്വന്തം' സൈക്കിളിൽ !
കൊല്ലം: ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് ഇരവിപുരം വാളത്തുംഗൽ കാഞ്ഞിക്കൽ തെക്കതിൽ ഉല്ലാസ് സുരേന്ദ്രൻ. വെൽഡിംഗ് ജോലിക്കിടയിൽ ബാക്കിവന്ന ഇരുമ്പ് തുണ്ട് പൈപ്പുകൾ ഉപയോഗശൂന്യമായി കിടക്കുന്നത് കണ്ടതോടെയാണ് നാൽപ്പത്തിയൊന്നുകാരനായ ഉല്ലാസ് സുരേന്ദ്രന്റെ മനസിൽ പുത്തൻ ആശയം രൂപംകൊണ്ടത്. ലോക്ക് ഡൗൺ കാലമായതിനാൽ ബൈക്കിന് പകരമായി ഉപയോഗിക്കാനും അവശ്യസാധനങ്ങൾ കൊണ്ടുവരാനുമൊക്കെ ഉപകരിക്കുന്ന ഒരു സൈക്കിൾ ആയാലോ എന്നതായിരുന്നു ആ ചിന്ത.
അങ്ങനെ സൈക്കിളിന്റെ നിർമ്മാണം തുടങ്ങി. ടയറുകളും ബ്രേക്ക് ഡിസ്‌കും മാത്രം പുറത്തുനിന്ന് വാങ്ങി. ഒരുമാസം കൊണ്ട് സൈക്കിൾ റെഡി. പലതവണ രൂപമാറ്റം വരുത്തിയപ്പോൾ സംഭവം ഹൈടെക്കായി. പഴയ ആക്ടീവ സ്‌കൂട്ടറിന്റെ ഷോക് അബ്സോർബർ, ആവശ്യത്തിനനുസരിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന ഹാൻഡിലുകൾ, സീറ്റിനും ഹാൻഡിലിനുമിടയിൽ കാരിയർ, ഇരട്ടബെല്ല്, ഇരുവശത്തും കണ്ണാടി എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്. പൂട്ടിനുമുണ്ട് പ്രത്യേകത, ഓടാമ്പൽ പോലുള്ള ഒരു കമ്പി പിൻചക്രത്തിനിടയിൽ കൂടി കടത്തി വീട് പൂട്ടുന്നത് പോലെ വേണം പൂട്ടാൻ.
ആദ്യ രൂപത്തിൽ മുൻവശത്ത് രണ്ടുടയറുകളായിരുന്നു. ഒരടിയിലധികം അകലത്തിലുള്ള ടയറുകൾക്കൊപ്പം ഷോക്ക്അബ്സോർബറും ഘടിപ്പിച്ചു. സൈക്കിൾ കാണാൻ ആളുകൾ കൂടിയതോടെ ഒരു ടയറിലേക്ക് ചുവടു മാറ്റി. കൊവിഡ് കാലമായതിനാൽ ആൾക്കൂട്ടമുണ്ടാകുമ്പോൾ തനിക്കെതിരെ കേസുവരുമെന്ന് പേടിച്ചാണ് ടയർ അഴിച്ചുമാറ്റിയത്. ഇടയ്ക്കിടെയുള്ള രൂപമാറ്റം വരുത്തലും പെയിന്റിംഗ് പണികളുമൊക്കെ ചെയ്തത് ഉല്ലാസ് ഒറ്റയ്ക്കാണ്. വീട്ടിലേയ്ക്ക് ആവശ്യമായ വിറകും ഗ്യാസ് കുറ്റിയുമൊക്കെ ഇതിൽ കൊണ്ടുവരാൻ കഴിയും. സീറ്റിന് മുന്നിലുള്ള കാരിയറിൽ 60കിലോവരെയും ഹാൻഡിലിലുള്ള കാരിയറിൽ 20 കിലോവരെയും ഭാരം കയറ്റാൻ കഴിയുമെന്ന് ഉല്ലാസ് പറയുന്നു. സമയം കിട്ടുമ്പോഴക്കെ സൈക്കിളുമായി വെറുതെ കറങ്ങുന്നതാണ് ഉല്ലാസിന്റെ ഉല്ലാസം.
വീടിനോട് ചേർന്നുള്ള വെൽഡിംഗ് വർക്ക്‌ഷോപ്പിൽ സൈക്കിളിനൊപ്പം ഫാനിന്റെ സ്റ്റാൻഡ്, ട്രെഡ് മിൽ, ആംപ്ലിഫയർ എന്നിവയൊക്കെ സ്വന്തമായി നിർമ്മിച്ചിട്ടുണ്ട്. ബുള്ളറ്റിന്റെ മോഡലിൽ ഒരു സൈക്കിൾ നിർമ്മിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം. അച്ഛൻ പരേതനായ സുരേന്ദ്രൻ ആചാരിയുടെ പാത പിന്തുടർന്നാണ് ഉല്ലാസ് വെൽഡിംഗ് പണിയിലെത്തിയത്. അമ്മ: കോമളവല്ലി ഭാര്യ: നിഷ. മക്കൾ: അതുൽ, അഭയ്.