മോഡലുകളുടെ മരണം : ഹോട്ടലുടമയും അഞ്ച് ജീവനക്കാരും അറസ്റ്റിൽ

Thursday 18 November 2021 12:55 AM IST

കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോ‌ർട്ട് കൊച്ചി നമ്പ‌ർ 18 ഹോട്ടലുടമ വയലാട്ട് റോയ് ജോസഫും (51) അഞ്ച് ഹോട്ടൽ ജീവനക്കാരും അറസ്റ്റിലായി. ഹോട്ടലിലെ സി.സി.ടി.വി ഹാർഡ് ഡിസ്കുകൾ നശിപ്പിക്കൽ, വാഹനം പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്.

മട്ടാഞ്ചേരി ഏറാട്ട്പറമ്പിൽ കെ.കെ. അനിൽ (43), ഫോർട്ട്കൊച്ചി പള്ളിപ്പറമ്പിൽ ലിൻസൺ റെയ്‌നോൾഡ് (21), കണ്ണൂർ ഇരിട്ടി മാനത്തൂർ വീട്ടിൽ എം.ബി. മെൽവിൻ (29), എളമക്കര ശാന്തിവില്ലയിൽ ജി.എ. ഷിജുലാൽ (40), കൊട്ടാരക്കര വിഷ്ണുഭവനിൽ വിഷ്ണുകുമാർ (26) എന്നിവരാണ് അറസ്റ്റിലായ ജീവനക്കാർ. തെളിവ് നശിപ്പിച്ചതിന് ഐ.പി.സി 201, 304,109 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്.

അപകടത്തിൽപ്പെട്ട കാറിനെ പിന്തുട‌ർന്ന കാക്കനാട് സ്വദേശി സൈജുവിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഭീതിപ്പെടുത്തും വിധം കാറോടിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കും.

 വ്യാജൻ നൽകി, കുരുക്കായി

ഒക്ടോബർ 31ന് പുലർച്ചെ ഒരു മണിയോടെ അപകടം അറിഞ്ഞയുടൻ ഹോട്ടലിലെ ഡി ജെ ഹാളിൽ നിന്ന് റോയ് ജോസഫ് ഊരിമാറ്റിച്ചത് രണ്ട് ഹാ‌ർ‌ഡ് ഡിസ്കുകളാണ്. ഇയാൾ പൊലീസിന് കൈമാറിയതാകട്ടെ വ്യാജനും. ജീവനക്കാരനായ അനിൽ മുഖേനയാണ് ഡിസ്കുകൾ മാറ്റിയത്. ഈ അതിബുദ്ധിയാണ് റോയിക്ക് വിനയായത്.

ഹോട്ടലിൽ സി.സി.ടി.വി സ്ഥാപിച്ചവരുമായി വാട്സ്ആപ്പിലൂടെ ആശയവിനിമനം നടത്തിയാണ് അനിൽ ഹാ‌‌ർഡ് ഡിസ്‌കുകൾ ഉൗരി റോയിയുടെ ഡ്രൈവർക്ക് കൈമാറിയത്. അനിലിന്റെ വാട്സ്ആപ്പ് ചാറ്റ് പൊലീസ് ശേഖരിച്ചിരുന്നു. ഡിസ്‌കുകൾ റോഡിലെ ചവറ്റുകൂനയിൽ എറിഞ്ഞെന്നായിരുന്നു ഡ്രൈവറുടെ മൊഴി.

ഹാ‌ർഡ് ഡിസ്‌ക് കായലിലെറിഞ്ഞു

ചൊവ്വാഴ്ച 11മണിക്കൂർ, ഇന്നലെ എട്ട് മണിക്കൂർ. റോയ് ജോസഫിനെ ആകെ 19 മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. ഹാർഡ് ഡിസ്കുകൾ കണ്ണേങ്ങാട്ട് വീടിന് സമീപത്ത് വേമ്പനാട്ട് കായിൽ ഉപേക്ഷിക്കാൻ ജീവനക്കാരോട് നിർദേശിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് ജീവനക്കാരെയടക്കം സ്ഥലത്ത് എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെ‌ടുക്കാനായില്ല. രാവിലെ ഹോട്ടലിലും റോയിയുമായി തെളിവെടുത്തിരുന്നു.

Advertisement
Advertisement