ലൈഫ് സയൻസ് പാർക്കിന് കേന്ദ്രസഹായം: മന്ത്രി പി.രാജീവ്

Thursday 18 November 2021 1:06 AM IST

ന്യൂഡൽഹി: തിരുവനന്തപുരം തോന്നയ്‌ക്കലിലെ ലൈഫ് സയൻസ് പാർക്കിന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ എല്ലാ സഹായവും വാഗ്ദാനം ചെയ്‌തതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്നലെ കേന്ദ്രമന്ത്രിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ലൈഫ് സയൻസ് പാർക്ക് കേന്ദ്ര സർക്കാർ അംഗീകരിക്കുകയും 25 കോടിയുടെ സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്ത് കൊണ്ടോ പദ്ധതി പ്രായോഗികമായില്ല. പിന്നീട് നാല് മെഡിക്കൽ പാർക്കുകൾക്ക് 100 കോടി വീതം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്രം സമ്മതിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി അനുകൂലമായിരുന്നു. പാർക്കിനോടനുബന്ധിച്ച് കോമൺഫെസിലിറ്റി സെന്ററും ഒരു ടെസ്റ്റിംഗ് ലാബോറട്ടറിയും അനുവദിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

കേരള സർക്കാർ സ്ഥാപനമായ കെ.എസ്.ഡി.പി ഉല്പാദിപ്പിക്കുന്ന മരുന്ന് വാങ്ങുന്ന തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പരിഗണന നൽകണമെന്ന ആവശ്യത്തിലും മന്ത്രി അനുകൂലമാണ്. കെ.എസ്.ഡി.പിക്ക് നല്ല വിപണി ഉറപ്പാക്കാൻ ഇതിലൂടെ കഴിയും.

കൊച്ചിയിൽ ഫാക്ടിനോടനുബന്ധിച്ച് ഒരു നാനോ യൂറിയ ഫാക്ടറി ആരംഭിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടെന്ന് മൻസൂഖ് മാണ്ഡവ്യ അറിയിച്ചതായും രാജീവ് പറഞ്ഞു. എം.എസ്.എം.ഇയുടെ കാര്യത്തിൽ കേരളം വളരെ മുന്നോട്ട് പോയിട്ടുണ്ട്. 4200 പുതിയ എം.എസ്.എം.ഇകളാണ് ആരംഭിച്ചത്. അഞ്ചര വർഷം കൊണ്ട് നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി പുതിയതായി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.