വിമാനത്തിൽ അവശനായ സഹയാത്രികന് അടിയന്തര ചികിത്സ നൽകി കേന്ദ്രമന്ത്രി

Thursday 18 November 2021 1:09 AM IST

മുംബയ്: വിമാനയാത്രയ്ക്കിടെ തലകറക്കം ഉണ്ടായ സഹയാത്രികന് അടിയന്തര ചികിത്സ നൽകി കേന്ദ്ര സഹമന്ത്രി ഡോ.ഭഗവത് കരാട്. ചൊവ്വാഴ്ച രാത്രി ഡൽഹി - മുംബയ് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യവേ അവശനായ സഹയാത്രികനാണ് കരാടിന്റെ ഇടപെടൽ രക്ഷയായത്.

ടേക്ക്ഓഫ് ചെയ്ത് അധികം വൈകാതെ ഒരുയാത്രക്കാരൻ വിയർക്കുന്നതും അസ്വസ്ഥനായി സീറ്റിലേക്ക് വീഴുന്നതും കണ്ട മന്ത്രി സമീപമെത്തി പരിശോധിക്കുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം യാത്രക്കാരന് ഗ്ലൂക്കോസ് നൽകിയതോടെ ഇയാൾ സാധാരണ നിലയിലായി.

അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കുറഞ്ഞിരുന്നു,​നന്നായി വിയർക്കുന്നുമുണ്ടായിരുന്നു.- മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ ഡോ.കരാട് വാർത്താ ഏജൻസിയോട് പറഞ്ഞു. സർജനായ അദ്ദേഹത്തിന് ഔറംഗബാദിൽ സ്വന്തമായി ആശുപത്രിയുണ്ട്. ഔറംഗബാദ് മേയറുമായിരുന്നു.

 അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹൃദയം കൊണ്ട് എന്നും ഡോക്ടറാണ്, എന്റെ സഹപ്രവർത്തകന്റെ മഹത്തായ പ്രവൃത്തി എന്നാണ് സംഭവം വിശദീകരിച്ചും മന്ത്രിക്ക് നന്ദി അറിയിച്ചും ഇൻഡിഗോ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.