മീനച്ചിൽ താലൂക്കിൽ നേരിയ ഭൂചലനം
പാലാ: മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനവും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മീനച്ചിൽ പഞ്ചായത്തിലെ പൂവരണി, ഇടമറ്റം, പന്ത്രണ്ടാംമൈൽ, കിഴപറയാർ, തഴവയലിൽ ഭാഗങ്ങളിലും അരുണാപുരം, തീക്കോയി, കൊല്ലപ്പള്ളി, ഭരണങ്ങാനം, പുലിയന്നൂർ, വള്ളിച്ചിറ, രാമപുരം ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് ശക്തമായ മുഴക്കം ഉണ്ടായി. കെ.എസ്.ഇ.ബിയുടെ ഭൂകമ്പമാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ചെറുഭൂചലനമാണ് ഉണ്ടായതെന്നും തുടർ ചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രഭവ കേന്ദ്രം തൊടുപുഴ
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തൊടുപുഴയാണെന്ന് ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു. തൊടുപുഴ- പാലാ റോഡിൽ കോലാനി ജംഗ്ഷനിൽ നിന്ന് 300 മീറ്റർ തെക്ക് മാറിയാണ് പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തയിട്ടുണ്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ആലടി, കുളമാവ്, ഇടുക്കി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഭൂകമ്പ മാപിനികളിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്.