വൈദ്യുതി നിരക്ക് കൂട്ടും; വർദ്ധനവ് ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
Thursday 18 November 2021 10:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനം. നിരക്ക് കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി അറിയിച്ചു. ബോർഡിന്റെ സാമ്പത്തിക ബാദ്ധ്യത നീക്കാൻ മറ്റു വഴികളില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വർദ്ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നിരക്ക് വർദ്ധനവ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞത് 10ശതമാനം വരെ വർദ്ധനവ് ആവശ്യപ്പെടുമെന്നാണ് സൂചന. 2019 ജൂലായിലായിരുന്നു അവസാനം നിരക്ക് വർദ്ധിപ്പിച്ചത്. നിരക്ക് വർദ്ധന സംബന്ധിച്ച താരിഫ് പെറ്റീഷൻ ഡിസംബർ31 ന് മുമ്പ് നൽകാൻ ബോർഡിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഹിയറിംഗിന് ശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക.