ജനകീയ പ്രശ്നങ്ങൾ മറയ്ക്കാൻ കേന്ദ്ര ശ്രമം: താരീഖ് അൻവർ

Friday 19 November 2021 1:43 AM IST

തിരുവനന്തപുരം: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു.

ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസിന്റെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മാർച്ചിന്റെയും ധർണയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില വർദ്ധനയെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തുടങ്ങിയവ ജനം ചർച്ച ചെയ്യരുതെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്നും താരീഖ് പറഞ്ഞു.

ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ മൂന്നാം ഘട്ടത്തിൽ മണ്ഡലം തലത്തിലും നാലാം ഘട്ടത്തിൽ ബൂത്ത് തലത്തിലും പ്രക്ഷോഭം നടത്തുമെന്ന് ചടങ്ങിൽ സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. സർക്കാർ വഴങ്ങിയില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. ഇന്ധനവിലയുടെ മറവിൽ നികുതിക്കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം അനിവാര്യമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറച്ചെന്നും സുധാകരൻ പറഞ്ഞു.

കെ.പി.സി.സി ട്രഷറർ വി. പ്രതാപ ചന്ദ്രൻ, ജനറൽ സെക്രട്ടറി ജി.എസ്. ബാബു, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നിർവാഹക സമിതി അംഗങ്ങളായ ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, മുൻ എം.പി എൻ. പീതാംബരകുറുപ്പ്, മുൻ എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, കെ. മോഹൻകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷമി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement