ആളിയാർ ഡാം തുറക്കൽ: പുഴകളിലെ ജലനിരപ്പ് അപകട നിലയേക്കാൾ താഴെ

Friday 19 November 2021 12:56 AM IST

പൊതുജനം പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി

പാലക്കാട്: ആളിയാർ ഡാം കഴിഞ്ഞ ദിവസം രാത്രി 10.30ന് തുറന്നതിന് ശേഷം ജോയിന്റ് വാട്ടർ റെഗുലേറ്ററി (ജെ.ഡബ്ല്യു.ആർ) വിഭാഗം ചിറ്റൂർ ഇറിഗേഷൻ എൻജിനിയർക്ക് അറിയിപ്പ് നൽകിയതായും ഇതിനെ തുടർന്ന് ചിറ്റൂർ ഇറിഗേഷൻ വിഭാഗം മറ്റ് എൻജിനിയർമാരുമായി സഹകരിച്ച് തഹസിൽദാർ, പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകിയതായും ജില്ലാ ദുരന്തനിവാരണ അതോറിട്ടി അധികൃതർ അറിയിച്ചു.

ആളിയാർ ഡാമിലെ ജലനിരപ്പ് ഒരു മാസമായി മഴയുടെ അളവനുസരിച്ച് ക്രമീകരിക്കുന്നതിന്റെ ഭാഗമായി നിശ്ചിത സമയങ്ങളിൽ തുറക്കുകയും അടയ്ക്കുകയും ചെയ്തു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി 6000 ക്യുസെക്സ് വെള്ളം തുറന്നുവിടുകയാണ് ഉണ്ടായത്. ആളിയാർ ഡാമിൽ നിന്നും വെള്ളം പാലക്കാട് എത്താൻ പരമാവധി ആറ് മുതൽ ഏഴ് മണിക്കൂർ സമയമെടുക്കും. ഇത്രയും ജലം ഒഴുക്കിവിട്ട ശേഷം ഷട്ടർ അടക്കുകയും വീണ്ടും ഇന്നലെ രാവിലെ 10.30ന് തുറക്കുകയും 2550 ക്യുസെക്സ് വെള്ളം ഒഴുക്കി വിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലും പാലക്കാടും മഴ കൂടുതലായിരുന്നു. നിലവിൽ ജില്ലയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

എല്ലാ പുഴകളിലും അപകടനിലയേക്കാൾ താഴെയാണ് ജലനിരപ്പ്. ഇതിനാൽ പുഴകളിൽ കൂടുതൽ ജലം ഉൾക്കൊള്ളാനാകുമെന്നും നിലവിൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു.

  • സി.ഡബ്ല്യു.സി റിവർ മോണിറ്ററിംഗ് സ്റ്റേഷന്റെ കണക്കുപ്രകാരമുള്ള പുഴകളിലെ ജലനിരപ്പ്
  • പുത്തൂർ അപകടകരമായ ജലനിരപ്പ് 63.5 മീറ്റർ, നിലവിലെ ജലനിരപ്പ് 62.48 മീറ്റർ
  • മങ്കര അപകടകരമായ ജലനിരപ്പ് 51.53 മീറ്റർ, നിലവിലെ ജലനിരപ്പ് 47.99 മീറ്റർ
  • കുമ്പിടി അപകടകരമായ ജലനിരപ്പ് 8.2 മീറ്റർ, നിലവിലെ ജലനിരപ്പ് 4.76 മീറ്റർ

Advertisement
Advertisement