എൽ.ജെ.ഡി: വിമതരെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം

Friday 19 November 2021 1:45 AM IST

തിരുവനന്തപുരം: പിളർപ്പിന്റെ വക്കിലുള്ള ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ അനുനയ നീക്കത്തിന് സാദ്ധ്യതകളാരാഞ്ഞ് അഖിലേന്ത്യാ നേതൃത്വം. ഇരു വിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നാണ് അഭ്യർത്ഥന. ഇടഞ്ഞുനിൽക്കുന്നവരെയും കൂട്ടി മുന്നോട്ട് നീങ്ങണമെന്ന് , നാളെ കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ അഖിലേന്ത്യാ ജനറൽസെക്രട്ടറി ഡോ. വറുഗീസ് ജോർജ് നിർദ്ദേശിച്ചേക്കും.

20ന് മുമ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എം.വി. ശ്രേയാംസ് കുമാർ ഒഴിയണമെന്ന് അന്ത്യശാസനം നൽകിയിരിക്കുന്ന വിമതവിഭാഗത്തിന് ഇനി പിന്നോട്ട് പോക്ക് അസാദ്ധ്യമാണ്. ഇന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെയും കണ്ട് തങ്ങളാണ് യഥാർത്ഥ ഔദ്യോഗികപക്ഷമെന്ന് വാദിക്കാനിരിക്കുകയാണ് ഷേക് പി.ഹാരിസും വി. സുരേന്ദ്രൻ പിള്ളയും .

അഖിലേന്ത്യാ ജനറൽസെക്രട്ടറി വറുഗീസ് ജോർജിന്റെയും പാർട്ടിയുടെ ഏക എം.എൽ.എ

കെ.പി. മോഹനന്റെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടെങ്കിലും ,പാർട്ടിയിലുറച്ച് നിൽക്കുമെന്നാണ് വറുഗീസ് ജോർജിന്റെ നിലപാട്. അദ്ദേഹം മുൻകൈയെടുത്താണ് സംസ്ഥാന നേതൃയോഗം വിളിച്ചതെന്ന് വിമതവിഭാഗം അവകാശപ്പെട്ടിരുന്നു. എന്നാൽ, നേതൃത്വത്തെ വെല്ലുവിളിച്ച് അത്തരമൊരു യോഗം വിളിച്ചതിനോട് വറുഗീസ് ജോർജിന് വിയോജിപ്പാണെന്നാണ് വിവരം. മോഹനൻ മൗനത്തിലാണ്.

ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ വിളിച്ചുചേർത്ത് പാർട്ടിയിൽ അഭിപ്രായ സമവായം ഉണ്ടാക്കണമെന്ന ആവശ്യവുമായി വറുഗീസ് ജോർജ്, മുൻ എം.എൽ.എ എം.കെ. പ്രേംനാഥ് തുടങ്ങിയവർ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനെ കോഴിക്കോട്ടെ വസതിയിൽ പോയി കണ്ടിരുന്നു. പ്രസിഡന്റ് അനുനയത്തിന് ശ്രമിച്ചെങ്കിലും വിമത നേതാക്കൾ വഴങ്ങിയില്ലെന്ന് ഔദ്യോഗികപക്ഷം പറയുന്നു.

ലയന വാദം : ഉറ്റുനോക്കി ജെ.ഡി.എസ്

എൽ.ജെ.ഡിക്കകത്തെ ആഭ്യന്തര കലഹത്തിലേക്ക് ഉറ്റുനോക്കുകയാണ് ജനതാദൾ-എസ് നേതൃത്വം. ജെ.ഡി.എസും എൽ.ജെ.ഡിയും ലയിച്ച് ഒറ്റപ്പാർട്ടിയാകണമെന്നാണ് സി.പി.എം നിലപാട്. ബോർഡ്, കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിലും സി.പി.എം ഈ ആവശ്യമുയർത്തി. ലയനം നടന്നാലും ഇല്ലെങ്കിലും വിമതവിഭാഗം ജെ.ഡി.എസിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്.

ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന ജെ.ഡി.എസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ എൽ.ജെ.ഡി വിമതർ കാണുമെന്ന് അഭ്യൂഹമുയർന്നെങ്കിലും കൂടിക്കാഴ്ചയുണ്ടായില്ല. ജെ.ഡി.എസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കാൻ ഗൗഡയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ധാരണയായി.

Advertisement
Advertisement