ഐ എസ് എല്ലിൽ ഏറ്റവും കൂടൂതൽ മത്സരങ്ങൾ തോറ്റ ടീം ഏതാണെന്ന് അറിയുമോ?

Thursday 18 November 2021 9:27 PM IST

പനാജി: മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) കൂടി വന്നെത്തി. പതിവു പോലെ ടീമുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും തുടങ്ങികഴിഞ്ഞു. കഴിഞ്ഞ ഏതാനും സീസണുകളിലെ മോശം പ്രകടനത്തെ തുടർന്ന് ആരാധകരുടെ പഴി ഏറെ കേൾക്കേണ്ടി വന്ന കേരളാ ബ്‌ളാസ്റ്റേഴ്സ് പുത്തൻ പരിശീലകന്റെ കീഴിൽ ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള ശ്രമത്തിലാണ്. ഐ എസ് എല്ലിന്റെ എട്ടാം പതിപ്പിന് നാളെ തുടക്കം കുറിക്കുമ്പോൾ രസകരമായ ചില കണക്കുകളും പുറത്തു വരികയാണ്.

ഐ എസ് എല്ലിന്റെ ചരിത്രത്തിൽ എറ്റവും കൂടുതൽ പരാജയങ്ങൾ ഏറ്റു വാങ്ങിയ ടീമുകളുടെ പട്ടികയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിർഭാഗ്യവശാൽ നമ്മുടെ സ്വന്തം കേരളാ ബ്‌ളാസ്റ്റേഴ്സ് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 47 മത്സരങ്ങളിലാണ് ബ്‌ളാസ്റ്റേഴ്സ് ഇതു വരെ പരാജയം രുചിച്ചത്. എന്നാൽ തോറ്റ മത്സരങ്ങളുടെ ശരാശരി കണക്കിൽ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനം മാത്രമാണ്. പ്രവർത്തനം പാതി വഴിക്ക് ഉപേക്ഷിച്ച എഫ് സി പൂനെ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ബ്‌ളാസ്റ്റേഴ്സ് 122 മത്സരങ്ങളിൽ നിന്ന് 38.52 ശരാശരിയിൽ 47 കളികളിൽ പരാജയം അറിഞ്ഞപ്പോൾ 80 മത്സരങ്ങളിൽ 34ും തോറ്റ എഫ് സി പൂനെ സിറ്റിയുടെ ശരാശരി 42.5 ശതമാനമാണ്.

ഏറ്റവും കൂടുതൽ കളികൾ തോറ്റ ടീമുകളിൽ രണ്ടാം സ്ഥാനത്തുള്ളത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയും ചെന്നൈയിൻ എഫ് സിയുമാണ്. രണ്ട് ടീമുകളും 46 കളികളിൽ പരാജയം അറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ കളികളിൽ കളിച്ചത് ചെന്നൈയിൻ ആണ് - 127 മത്സരങ്ങളിൽ. നോർത്ത് ഈസ്റ്റ് ഇതു വരെ 120 മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളു.

ടീമുകളും തോറ്റ മത്സരങ്ങളും

കേരളാ ബ്‌ളാസ്റ്റേഴ്സ് 47, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി 46, ചെന്നൈയിൻ എഫ് സി 46, മുംബയ് സിറ്റി എഫ് സി 42, എഫ് സി ഗോവ 37, എഫ് സി പൂനെ സിറ്റി 34, എ ടി കെ 32, ഡൽഹി ഡൈനാമോസ് 31, ജംഷഡ്പൂർ എഫ് സി 24, ബംഗളുരു എഫ് സി 23

Advertisement
Advertisement