യു.എ.ഇ യാത്രക്കാരുടെ നട്ടെല്ലൊടിച്ച് കൊവിഡ് പരിശോധനാച്ചെലവ്
തിരുവനന്തപുരം: യു.എ.ഇയിലേക്കുള്ള യാത്രക്കാർ വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിന് ചെലവിടേണ്ടത് 2490 രൂപ. വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ പരിശോധനാഫലം വേണമെന്നും നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് വേണമെന്നുമുള്ള യു.എ.ഇയുടെ നിബന്ധനകളാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. പുറത്തുനിന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലം ലഭിക്കില്ല. വിമാനത്താവളങ്ങളിൽ അരമണിക്കൂറിനകം ഫലം ലഭിക്കുന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലാണ് ഉയർന്ന നിരക്ക് ഈടാക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. മൂന്ന് ഏജൻസികളെയാണ് പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനുള്ള കാട്റിഡ്ജിന് ഏകദേശം 2000 രൂപ വിലവരുന്നത് കണക്കാക്കിയാണ് ടെസ്റ്റിന്റെ ഫീസ് 2490 രൂപയായി നിശ്ചയിച്ചിട്ടുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ചെലവ് കുറഞ്ഞതോ കൂടിയതോ ആയ ടെസ്റ്റുകൾ തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപുള്ള പരിശോധനയ്ക്ക് ഇതല്ലാതെ വേറെ മാർഗമില്ലെന്ന് യാത്രക്കാർ പറയുന്നു. പരിശോധനാ നിരക്ക് കുറയ്ക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. മലയാളികൾ ഏറ്റവുമധികം യാത്ര ചെയ്യുന്നത് യു.എ.ഇയിലേക്കാണ്.