നേഹയുടെ ചിത്രങ്ങളിലുണ്ട് പൊളളുന്ന ജീവിതക്കാഴ്ചകൾ
കോഴിക്കോട്: പാഠപുസ്തകങ്ങൾക്കപ്പുറം ലോകത്തിന്റെ വിഹ്വലതകളാണ് നേഹയുടെ ചിത്രമെഴുത്ത്. പരിശീലനം നേടി പതംവന്നതല്ല വരകൾ. അക്രലിക്കോ, ഓയിലോ, ജലച്ഛായമോ ശീലിക്കാൻ ഒരുപാഠ്യപദ്ധതിയും കൂട്ടുണ്ടായിരുന്നില്ല. കുഞ്ഞു നാളിൽ തുടങ്ങിയ ' വികൃതി ' വളർന്ന് ചിത്രകാരിയോളമെത്തിച്ചു. കാഴ്ചകളും യാത്രകളും വായിച്ചതുമെല്ലാം ചിത്രങ്ങളായി പുനർജനിക്കുകയായിരുന്നു. പെൻസിൽ ഡ്രോയിംഗിലും പെന്നിലും തുടങ്ങി അതിങ്ങനെ കടുംവർണങ്ങൾ നിറച്ച് കാൻവാസിൽ ജീവൻ തുടിക്കുകയാണ്.
കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയായ നേഹയുടെ ചെറുതും വലുതുമായ നൂറ് പെയിന്റിംഗുകളുടെ പ്രദർശനമാണ് ആർട്ട് ഗാലറിയിൽ തുടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് മുൻ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീയും പ്രകൃതിയും കുട്ടികളും സമൂഹത്തിന്റെ ഭയാശങ്കകളുമൊക്കെയാണ് ' കാഴ്ചയുടെ കാവ്യഭാഷ' യെന്ന് പേരിട്ട ചിത്രപ്രദർശനത്തിലെ മുഖ്യ പ്രമേയം. റിയലിസ്റ്റിക് രീതിയിൽ നിന്ന് മാറി ചിതറിയ ബിംബങ്ങളിലൂടെയാണ് സമൂഹത്തിലെ പൊള്ളുന്ന കാഴ്ചകൾ ഈ പതിനാറുകാരി കോറിയിട്ടിരിക്കുന്നത്. ഡോ.പി.ജെ.വിൻസന്റ്, ബിന്ദു.ആർ ദമ്പതികളുടെ മകളാണ്. സഹോദരി: നിള. ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർമാരായ വരുൺഭാസ്‌കർ, അഡ്വ.സി.എം.ജംഷീർ, ആംഗ്ലോ ഇന്ത്യൻ സ്കൂൾ പ്രധാനാദ്ധ്യാപിക സജ്‌ന രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം ഞായറാഴ്ച സമാപിക്കും.