മാനം തെളിഞ്ഞു, തീർത്ഥാടക മനവും

Friday 19 November 2021 12:34 AM IST
ഉളളംനിറയെ അയ്യപ്പൻ.... ശബരിമല സന്നിധാനത്ത് ദർശനം നടത്തുന്ന മാളികപ്പുറങ്ങൾ

ശബരിമല : പ്രളയഭീതി ഉയർത്തിയ മഴയ്ക്ക് ശമനമുണ്ടായി മാനം തെളിഞ്ഞതോടെ തീർത്ഥാടകരുടെ മനവും തെളിഞ്ഞു. ഇപ്പോൾ തീർത്ഥാടകരുടെ തിക്കുംതിരക്കും എങ്ങുമില്ല. കാത്തുനിൽപ്പില്ലാതെ മലചവിട്ടി പതിനെട്ടാംപടിയും കയറി തിരുമുന്നിൽ എത്താം. പൊലീസിന്റെ തള്ളിനീക്കില്ലാത്തതിനാൽ അൽപ്പനേരം വിഗ്രഹം കൺകുളിർക്കെ കണ്ട് കാണിക്കയും അർപ്പിക്കാം.സുഗമവും സുരക്ഷിതവുമായ തീർത്ഥാടനമാണ് ഭക്തർ അനുഭവിച്ചറിയുന്നത്. തീർത്ഥാടനം പൂർത്തിയാക്കി കഴിയുന്ന മുറയ്ക്ക് ദേവസ്വം ബോർഡും അയ്യപ്പസേവാസംഘവും സൗജന്യ അന്നദാനവും ഒരുക്കിയിട്ടുണ്ട്. അന്നദാനം കഴിച്ച് അൽപ്പനേരത്തെ വിശ്രമത്തിന് ശേഷം കാത്തുനിൽപ്പില്ലാതെ പ്രസാദവും വാങ്ങി മലയിറങ്ങാം. ദേവസ്വം ബോർഡ് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും അന്നദാനം ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്മാർക്ക് ആശ്വാസമേകി ഒൗഷധകുടിവെള്ള വിതരണവുമുണ്ട്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്താണ് കുടിവെള്ളം തയ്യാറാക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ദർശനത്തിന് എത്തുന്നതിൽ 90 ശതമാനവും.കൊവിഡ് നിയന്ത്രണങ്ങൾ കാരണം നേരിട്ട് നെയ്യ് അഭിഷേകം നടത്താൻ കഴിയാത്തതാണ് ആകെയുള്ള കുറവ്. ഇരുമുടി കെട്ടിൽ കൊണ്ടുവരുന്ന നെയ്യ് അഭിഷേകത്തിനായി ശേഖരിക്കുന്നതിനും ആടിയശിഷ്ടം നെയ്യ് ലഭ്യമാക്കാൻ കൗണ്ടറുകളും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിൽ അഞ്ചിടത്തായി എമർജൻസി മെഡിക്കൽ യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. തീർത്ഥാടനം തുടങ്ങിയ രണ്ടാംദിവസമായ ബുധനാഴ്ച 9,862 തീർത്ഥാടകർ വെർച്വൽ ക്യൂവഴി ദർശനം നടത്തി. ഇന്നലെ ഉച്ചവരെ 5,175 പേർ ദർശനം നടത്തി.

Advertisement
Advertisement