വൃദ്ധയ്ക്ക് മർദ്ദനം: അനാഥാലയത്തിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

Friday 19 November 2021 12:00 AM IST

അഞ്ചൽ: പ്രാർത്ഥനാ സമയത്ത് ഉറങ്ങിപ്പോയതിന് അന്തേവാസിയായ വൃദ്ധ മർദ്ദനത്തിനിരയായ അഞ്ചൽ പനയ‌ഞ്ചേരിയിലെ അർപ്പിത സ്നേഹാലയത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഡോ. പുനലൂർ സോമരാജൻ, സാമൂഹ്യ നീതിവകുപ്പ് ജില്ലാ ഓഫീസർ കെ.കെ. ഉഷ, പുനലൂർ ആ‌ർ.ഡി.ഒ ബി. ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. രജിസ്ട്രേഷനില്ലാതെയാണ് അനാഥാലയം പ്രവർത്തിക്കുന്നത്. അന്തേവാസികളുടെ വ്യക്തമായ യാതൊരു വിവരവും രേഖപ്പെടുത്തിയിട്ടില്ല.

പല ചോദ്യങ്ങൾക്കും അനാഥാലയം നടത്തിപ്പുകാരൻ ടി. സജീവ് തൃപ്തികരമായ മറുപടിയല്ല നൽകിയതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ. ഉഷ പറഞ്ഞു. സാമൂഹ്യ നീതി ഡയറക്ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തശേഷം നിയമപരമായ നടപടികളിലേക്ക് നീങ്ങും. 21 അന്തേവാസികളാണ് ഇപ്പോൾ ഇവിടെയുള്ളത്. അവരെ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി. അന്തേവാസികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് സർക്കാരുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പുനലൂർ സോമരാജനും ആർ.ഡി.ഒ. ശശികുമാറും പറഞ്ഞു.