ബൂത്തും ഗ്രൂപ്പും പഴങ്കഥ,​ സി.യു.സിയിലൂടെ പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്

Friday 19 November 2021 12:08 AM IST
കുറ്റ്യാടിയിൽ സി.യു.സി രൂപീകരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുളള പ്രവർത്തകർ

യോ​ഗ​ങ്ങ​ളി​ൽ​ ​ കൂടുതലും വ​നി​ത​ക​ളും​ ​യു​വാ​ക്ക​ളും

കുറ്റ്യാടി: സംഘടനാ സംവിധാനങ്ങൾക്ക് വേണ്ട പ്രധാന്യം നൽകാതെ ആവശ്യമുള്ളപ്പോൾ മാത്രം ചേരുന്ന ആൾക്കൂട്ടമാണ് കോൺഗ്രസ് എന്ന പഴയ രീതി മാറുകയാണ്. എയും ഐയും അടക്കി വാണിരുന്ന കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് എതിരായിരുന്ന പല വമ്പൻ നേതാക്കളും അണിയറയിലേക്ക് എടുത്തെറിയപെട്ടിട്ടുണ്ട്. പക്ഷെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനും നിയമസഭാ കക്ഷി നേതാവായി വി.ഡി.സതീശനും വന്നതോടെ ഗ്രൂപ്പുകൾ ആടിയുലഞ്ഞു. കണ്ണൂരിന്റെ കരുത്തുമായി പുതിയ പരിഷ്കാരങ്ങളുമായാണ് സുധാകരന്റെ രംഗപ്രവേശം. പേരിന് മാത്രം ഉണ്ടായിരുന്ന ബൂത്ത്തല കമ്മിറ്റികൾ മാറ്റി കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികൾ (സി.യു.സി) സജീവമാക്കി പഴയ പ്രതാപം വീണ്ടെടുക്കാനുളള പ്രവർത്തനത്തിലാണ് നേതൃത്വം. കോഴിക്കോട് ജില്ലയിലെ 26 പഞ്ചായത്തുകളിൽ മാത്രം 2400 സി.യു.സികളാണ് രൂപീകൃതമാകുന്നത്. ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ 15- 20 വരെ കോൺഗ്രസ് കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സി.യു.സി രൂപീകരിക്കുന്നത്. കൂടാതെ കോൺഗ്രസ് സൗഹൃദ വീടുകളുടെ സർവെയും അംഗങ്ങൾക്ക് പരിശീലന ക്ലാസുകളും പൂർത്തിയായി വരുന്നു. അടുത്തഘട്ടം കോൺഗ്രസ് ജന്മദിനമായ ഡിസം. 28ന് നടക്കും. സി.യു.സി രൂപീകരണം നാട്ടിൻ പുറത്തെ കോൺഗ്രസ് വീടുകൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. സി.യു.സി ചേരുന്ന വീടുകളിൽ നാളിതുവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്ത സ്ത്രീകളും വിദ്യാർത്ഥികളും പഴയ കാല പ്രവർത്തകരും എത്തുകയാണ്. പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചും സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിച്ചുമാണ് യോഗം തുടങ്ങുന്നത്. കോൺഗ്രസിന്റെ സെമികേഡർ സ്വഭാവത്തിലേക്കുളള യാത്ര പഴയ ഗ്രൂപ്പ് മാനേജർമാർക്ക് ദഹിക്കുന്നില്ലെങ്കിലും സി.യു.സി രൂപീകരണം പഠിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുളള കോൺഗ്രസ് പ്രവർത്തകർ എത്തുകയാണ്.

Advertisement
Advertisement