ഇലക്ട്രിക്കിലേക്ക് ഗിയർ മാറ്റി ജില്ല

Friday 19 November 2021 12:01 AM IST

മലപ്പുറം: അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിന് പിന്നാലെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗത്തിൽ ഗിയർ മാറ്റി ജില്ല. മോട്ടോർ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ഈ വർഷം ജില്ലയിൽ 955 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം 194 വാഹനങ്ങളായിരുന്നു. പെട്രോൾ വില സെഞ്ച്വറി കടന്ന ഒക്ടോബറിൽ ആയിരുന്നു ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. 158 എണ്ണം. രജിസ്റ്റർ ചെയ്തവയിൽ കൂടുതലും കാറുകളും ബൈക്കുകളുമാണ്. ഇലക്ട്രിക് ഓട്ടോകളുടെ എണ്ണവും കൂടുന്നുണ്ട്. ഒറ്റചാർജ്ജിൽ കൂടുതൽ മൈലേജ് കിട്ടുന്ന വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ആവശ്യക്കാരും കൂടി. 50,000 രൂപ മുതൽ ഇലക്ട്രിക് സ്കൂട്ടറുകളും 15 ലക്ഷത്തിനുള്ളിൽ മികച്ച കാറുകളും ലഭ്യമാണെന്നതും ഇലക്ട്രിക് വാഹനങ്ങളോടുള്ള താത്പര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻനിര കമ്പനികൾ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഇറക്കാൻ തുടങ്ങിയതും സ്വീകാര്യത കൂട്ടി. അനർട്ടിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ചാർജ്ജിംഗ് സ്റ്റേഷനുകളും തുടങ്ങുന്നുണ്ട്. ഫാസ്റ്റ് ചാർജ്ജിംഗ് കേന്ദ്രങ്ങൾ കൂടുതൽ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും കുതിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ നികുതിയിളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതും അനുകൂല ഘടകമാണ്.

വാഹന രജിസ്ട്രേഷൻ കൂടുന്നു

ഈ വർഷം ജനുവരി മുതൽ നവംബർ 17 വരെ 44,​584 വാഹനങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഒരുമാസം ശരാശരി 4,​000ത്തോളം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. 2020ൽ 45,854 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊവിഡിൽ തളർന്ന വാഹന വിപണി ഉണർവിലേക്ക് കടന്നിട്ടുണ്ട്.

ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ

മലപ്പുറം ആർ.ടി ഓഫീസ്- 243

നിലമ്പൂർ സബ് ആർ.ടി - 219

പെരിന്തൽമണ്ണ സബ് ആർ.ടി - 168

തിരൂരങ്ങാടി സബ് ആർ.ടി - 282

പൊന്നാനി സബ് ആർ.ടി - 43

ഈവർഷത്തെ വാഹന രജിസ്ട്രേഷൻ

മലപ്പുറം ആർ.ടി ഓഫീസ് - 9,​076

നിലമ്പൂർ സബ് ആർ.ടി - 8,​202

പെരിന്തൽമണ്ണ സബ് ആർ.ടി - 9,​201

തിരൂരങ്ങാടി സബ് ആർ.ടി - 11,​603

പൊന്നാനി സബ് ആർ.ടി - 6,​502

ഇലക്ട്രിക് വാഹനം (മാസം)​

മാസം - വാഹനം

ജനുവരി - 47

ഫെബ്രുവരി - 61

മാർച്ച് - 102

ഏപ്രിൽ - 111

മേയ് - 26

ജൂൺ - 54

ജൂലായ് - 106

ആഗസ്റ്റ് - 85

സെപ്തംബർ - 108

ഒക്ടോബർ - 158

നവംബർ - 97

ആകെ 955