പൊതുമരാമത്ത് വകുപ്പ് ഇ - സംവിധാനത്തിലേക്ക്

Thursday 18 November 2021 11:36 PM IST

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഡിസംബർ അവസാനത്തോടെ പൂർണമായും ഇ - ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യിയു.ഡി മിഷൻ ടീം യോഗമാണ് തീരുമാനമെടുത്തത്. ഇതുമായി സർക്കിൾ ഓഫീസുകളിലേയും ഡിവിഷൻ ഓഫീസുകളിലേയും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങി. സബ് ഡിവിഷൻ ഓഫീസുകളും സെക്ഷൻ ഓഫീസുകളും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും. ഇ - ഓഫീസ് സംവിധാനത്തിലേക്ക് മാറുമ്പോൾ വകുപ്പിലെ ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്തുവാനാവും. വകുപ്പിനെ പേപ്പർ രഹിതമാക്കുവാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.

സെക്ഷൻ ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഇ-ഓഫീസിന് കീഴിലാകും. ചീഫ് എൻജിനിയർ ഓഫീസ് മുതൽ സെക്ഷൻ ഓഫീസ് വരെ ഒരു സോഫ്റ്റ്‌വെയർ നിലവിൽ വരും. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാകും. ഫയലുകൾ തപാലിൽ അയക്കുന്നതിനുള്ള സമയം ലാഭിക്കാം. ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. തടസം നേരിട്ടാൽ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് ഇടപെടാം. അനാവശ്യ കാലതാമസം ഒഴിവാക്കി ഫയൽ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement