ഉടൻ തിരുത്തേണ്ട ഗുരുതരമായ തെറ്റ്

Friday 19 November 2021 12:15 AM IST

ഓംചേരി എൻ.എൻ. പിള്ളയുടെ ഈ വർഷത്തെ പുതിയ പുസ്തകങ്ങളിൽ ഒന്നാണ് " നന്ദി ഒരു വെറും വാക്കല്ല " എന്നത്.

പുസ്തകത്തിന്റെ ആമുഖത്തിൽ ശ്രീനാരായണ ഗുരുവിന്റെ എക്കാലവും പ്രസക്തമായ ഒരു സന്ദേശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

"അയല് തഴപ്പതിനായ് "

അതി പ്രയത്നം നയമറിയും നരൻ ആചരിച്ചിടേണം"

ഈ സന്ദേശം അച്ചടിച്ചിരിക്കുന്നത് "അയല് തകർപ്പതിനായി "എന്നാണ്. ആമുഖ പേജിലാണ് ഈയൊരു തെറ്റ് അച്ചടിച്ചിരിക്കുന്നത് . ഇത് പൊറുക്കാവുന്ന തെറ്റല്ല. ഇത് ഉടൻ തിരുത്തി ഇതുവരെ വിതരണം ചെയ്ത മുഴുവൻ പുസ്തകങ്ങൾക്കും പകരം പുതിയ പുസ്തകം നൽകണം. പൊതുസമൂഹത്തോട് പരസ്യമായി മാപ്പു പറയുകയും വേണം.

വി.ആർ.ജോഷി

(പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ)

യേശുദാസിന്റെ ശബ്‌ദത്തിന് നൽകിയ ആദരം

സംഗീതസപര്യയുടെ സാർത്ഥകമായ അറുപതാണ്ടുകൾ പിന്നിട്ട ഗാനഗന്ധർവൻ യേശുദാസിന് ആശംസകൾ അർപ്പിക്കുന്നതിനായി കേരളകൗമുദി പത്രം മാറ്റിവച്ച പേജുകളും മുഖപ്രസംഗവും ഗാന ഗന്ധർവനെ സംഗീത ദൈവമായി ഹൃദയത്തിൽ പ്രതിഷ്ഠിച്ചു പൂജിക്കുന്ന മലയാളി മനസിന്റെ പരിഛേദമായി. പത്രം കാണിച്ച ഔചിത്യത്തെ പ്രശംസിക്കാതെ തരമില്ല. പ്രായഭേദമില്ലാതെ എല്ലാ മലയാളികളുടെയും ദാസേട്ടനായ യേശുദാസിനെ പുതുതലമുറയിലെ പാട്ടുകാരുടെ കണ്ണിലൂടെ കാണാൻ ശ്രമിച്ചതും അവസരോചിതമായി. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,യേശുദാസിനെ ഗുരുവായൂർ അമ്പലത്തിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ജന്മം കൊണ്ട് ക്രൈസ്തവനാണെങ്കിലും എല്ലാ മതങ്ങളുടെയും വിശുദ്ധി ജീവിതത്തിൽ സൂക്ഷിക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളോടും ആരാധനകളോടുമുള്ള പ്രതിപത്തി മറച്ചുവയ്‌ക്കാതിരിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ ഗുരുവായൂർ അമ്പലത്തിൽ പ്രവേശിപ്പിച്ചാൽ ഏറ്റവും സന്തോഷിക്കുന്നത് ഗുരുവായൂരപ്പൻ തന്നെയായിരിക്കും. തന്റെ ആദ്യത്തെ റെക്കാഡു ചെയ്യപ്പെട്ട വരികൾ ഗുരു സൂക്തമാണെന്നത് യാദൃശ്ചികമാണങ്കിൽപ്പോലും അതോടെ അദ്ദേഹം ഗുരുദർശനങ്ങളുടെ അംബാസിഡറായി മാറിയെന്ന് ഞാൻ കരുതുന്നു. ആ നിലയ്‌ക്ക് യേശുദാസിനെ ശിവഗിരിയിൽ ആദരിക്കുന്നത് പ്രശംസനീയം തന്നെ. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട സമയത്ത് ബഹുമാനിക്കുന്നതിലൂടെ നമ്മളാണ് ബഹുമാനിതരാവുന്നതെന്ന് പറയാറുണ്ട്. കേരളകൗമുദിയുടെ പ്രവൃത്തിയും ആ നിലയ്‌ക്കു തന്നെ കാണുന്നു.

സുധീഷ്
പുല്ലാമഠം
തിരുവനന്തപുരം.

Advertisement
Advertisement