കെ.എസ്.ആർ.ടി.സിയുടെ ബൈപ്പാസ് റൈഡർ 24 മണിക്കൂറും

Friday 19 November 2021 12:05 AM IST

തിരുവനന്തപുരം: ബൈപ്പാസുകളിലൂടെ കൂടുതൽ ദീ‌ർഘദൂര സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഒരു മണിക്കൂർ ഇടവിട്ട് ദേശീയപാത വഴിയും എം.സി റോഡിലൂടെയും 24 മണിക്കൂറും ബൈപ്പാസ് റൈഡർ എന്ന പേരിൽ സൂപ്പർഫാസ്റ്റ്, എയർ സസ്‌പെൻഷൻ, ലോഫ്‌ളോർ എ.സി ബസുകൾ സർവീസ് നടത്തും. ഇവയിലേക്ക് യാത്രക്കാരെ എത്തിക്കാൻ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ബൈപ്പാസ് ഫീഡർ ബസുകളും ഉണ്ടാകും. ദീർഘദൂര ബസുകളിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർക്ക് ഇവയിൽ ജില്ലാ ആസ്ഥാനങ്ങളിലേക്ക് പോകാം. ഒറ്റ ടിക്കറ്റിൽ തന്നെ ഇരു ബസുകളിലും യാത്ര ചെയ്യാം. ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് യാത്ര ചെയ്യുന്നതിനാൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് യാത്രാസമയം കൂടുതലാണ്. ബൈപ്പാസുകളിലേക്ക് യാത്ര മാറ്റുന്നതോടെ സമയം ലാഭിക്കാനാകും. പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന നിറമാണ് ഫീഡർ ബസുകൾക്ക് നൽകിയിട്ടുള്ളത്.

കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, ചേർത്തല ബൈപ്പാസുകളിൽ ഇരുവശത്തും യാത്രക്കാർക്ക് വിശ്രമിക്കാനായി ഫീഡർ സ്റ്റേഷനുകൾ സജ്ജീകരിക്കും. ഡിപ്പോകളിൽ പ്രത്യേക വിശ്രമ സൗകര്യവും ലഘുഭക്ഷണ സൗകര്യവുമുണ്ടാകും. യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനും 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കും. പഴയ നോൺ എ.സി ജന്റം ബസുകളാണ് വഴിയോര വെയിറ്റിംഗ് ഷെഡ്ഡുകളായി മാറുന്നത്. വാതിലുകൾ സ്റ്റേഷന് അഭിമുഖമായി വരുന്ന വിധത്തിൽ ബസുകൾ നിർത്തുമെന്നതിനാൽ യാത്രക്കാർക്ക് ബസ് ബേ മുറിച്ചുകടക്കാതെ സ്‌റ്റേഷനിലേക്ക് കയറാം.