ആനവണ്ടിയിൽ പാൽക്കച്ചവടം

Friday 19 November 2021 12:33 AM IST

കൊച്ചി: മിൽമ എറണാകുളം യൂണിയൻ അഞ്ച് പുതിയ കെ.എസ്.ആർ.ടി.സി - മിൽമ ബൂത്തുകൾ ആരംഭിക്കും. മൂന്ന് ജില്ലകളടങ്ങിയ യൂണിയനിൽ ആദ്യത്തെ ബൂത്ത് തൃശൂരിൽ തുടങ്ങി. എറണാകുളം ബൂത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൂവാറ്റുപുഴ, അങ്കമാലി, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിലും ബൂത്തുകൾ ആരംഭിക്കും. കണ്ടം ചെയ്ത ബസുകളാണ് മിൽമ
ബൂത്താക്കുന്നത്. വാടക മിൽമ നൽകും. പദ്ധതി വിജയിച്ചാൽ ഏജൻസിക്കു തന്നെ വാടക നൽകാൻ കഴിയും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്താവും ബൂത്തുകൾ.

സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. മിൽമയുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും ഒരിടം എന്നതിലുപരി ഭക്ഷണ പാനീയങ്ങൾ, മധുര പലഹാരങ്ങൾ, ഐസ്‌ക്രീം എന്നിവ ബൂത്തുകളിൽ ലഭ്യമാവും. ഐസ്ക്രീം പാർലറും ബൂത്തിനുള്ളിലുണ്ടാവും.
എറണാകുളം യൂണിയൻ പുറത്തിറക്കുന്ന 65 ഓളം ഉത്പന്നങ്ങളും തിരുവനന്തപുരം ഉൾപ്പെടെയുള്ള യൂണിയനുകളിൽ നിന്നുള്ള 45 എണ്ണവും ബൂത്തിൽ ഉണ്ടാകും. ക്ഷീരകർഷകരുടെ മക്കളെ ജീവനക്കാരായി നിയമിക്കും.

 ജില്ലയിൽ ആദ്യം ബോട്ട്ജെട്ടിയിൽ

എറണാകുളത്ത് ബോട്ട് ജെട്ടിയിലാണ് ആദ്യ ബസ് മിൽമ ബൂത്ത്. നാലു ലക്ഷം രൂപയ്ക്കാണ് ബസുകൾ മിൽമ ഏറ്റെടുക്കുന്നത്. 20000 രൂപ പ്രതിമാസ വാടകയുണ്ട്. ജനങ്ങൾ കൂടുതലെത്തുന്ന ബസ് ഡിപ്പോകളിൽ മിൽമയുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നത്.

വിജയിച്ചാൽ എല്ലാ ഡിപ്പോയിലും
മേഖലയിൽ പദ്ധതി വിജയിച്ചാൽ എല്ലാ ഡിപ്പോകളിലും വ്യാപിപ്പിക്കും. അഞ്ചു മാസത്തിനുള്ള മേഖലയിലെ മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി ബസുകൾ രൂപം മാറ്റി ബൂത്തുകളാക്കും.

ജോൺ തെരുവത്ത്
മിൽമ ചെയർമാൻ
എറണാകുളം യൂണിയൻ


മിൽമ ബൂത്തുകൾ
എറണാകുളം ബോട്ട് ജെട്ടി
തൃശൂർ
അങ്കമാലി
മൂവാറ്റുപുഴ
ചങ്ങനാശേരി
കോട്ടയം

Advertisement
Advertisement