ശബരീശനെ കാണാനാവാതെ പെരിയസ്വാമി ദു:ഖത്തിലാണ്

Friday 19 November 2021 12:37 AM IST

ഏലൂർ: കൊവിഡ് തെറ്റിച്ചത് 64 വർഷത്തെ രാമചന്ദ്രൻ നായരുടെ പതി​വാണ്. രണ്ടുവർഷമായി ശബരീശനെ കാണാനാവാതെ പാതാളത്തുകാരുടെ പെരിയസ്വാമി ദു:ഖത്തി​ലാണ്. തുടർച്ചയായ രണ്ട് പതിറ്റാണ്ട് എല്ലാ മാസവും മുടങ്ങാതെ കെട്ടുനിറച്ച് സന്നിധാനത്തെത്തി അയ്യനെ കണ്ടി​ട്ടുണ്ട് 75 കാരനായ രാമചന്ദ്രൻ നായർ. അനി​ൽ അംബാനി​യുൾപ്പെടെ മൂവായിരത്തിൽപരം അയ്യപ്പന്മാർക്ക് ഗുരുസ്വാമി​യായി​. 20 വർഷം കർപ്പൂരാരാധന നടത്താനും ഭാഗ്യം ലഭിച്ചു.

ചൂരലിൽ 64 വെള്ളിക്കെട്ടുള്ള പവിത്രമായ മുദ്രവടി ഭക്തിയോടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 18 വർഷം പതിനെട്ടാം പടി കയറി അയ്യനെ കണ്ടതിനു ശേഷമാണ് വെള്ളി കെട്ടിയ മുദ്രവടി കാനനവാസന്റെ തൃപ്പാദങ്ങളിൽ വച്ച് പൂജിക്കാനും കൈവശം സൂക്ഷിക്കാനും യോഗ്യത നേടുന്നത്.

മണ്ഡലകാലത്ത് എരുമേലി​യി​ൽനി​ന്ന് നടന്നാണ് സന്നി​ധാനത്തേക്കുള്ള യാത്ര. എല്ലാ മലയാളമാസവും നാലാം തീ​യതി​യാണ് ദർശനം. ആലുവ കാത്തായി​ കോട്ടൺ​മി​ല്ലിൽ നി​ന്ന് വി​രമി​ച്ച ശേഷമാണ് എല്ലാമാസവും ശബരി​മലയാത്ര തുടങ്ങി​യത്. പമ്പവരെ വാഹനത്തി​ലെത്തും.

​വെളിയത്ത് പരമേശ്വരനാണ് രാമചന്ദ്രൻ നായരുടെ ഗുരുസ്വാമി. നി​രവധി​ ശി​ഷ്യരുമുണ്ട്. പിൻഗാമിയായി അനുഷ്ഠാനങ്ങൾ തുടരുന്നത് മൂത്ത മകൻ രാജീവാണ്. രഞ്ജിത്തും രതീഷുമാണ് മറ്റ് മക്കൾ. ഭാര്യ ആനന്ദവല്ലി. ഇപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ അർച്ചത് പുരോഹിത് കടുങ്ങല്ലൂർ പ്രഖണ്ഡിന്റെ ചുമതലയും വഹിക്കുന്നു.

അംബാനി​യുടെ ഗുരുസ്വാമി​

2010 ഫെബ്രുവരി​യി​ൽ പമ്പയി​ൽ വച്ചാണ് അനിൽ അംബാനിക്കും അംബാനിയുടെ അമ്മ കോകി​ല ബെന്നി​നും കെട്ടുനിറച്ചു കൊടുത്തത്.16 കാറുകൾ അകമ്പടി, സുരക്ഷാ ഭടന്മാർ, ഉദ്യോഗസ്ഥ വൃന്ദം. ആകെ ആഘോഷമായി​രുന്നു. പാതാളത്തെ റിലയൻസ് പവർ പ്ലാന്റിലെ ഫിനാൻസ് മാനേജർ ശശികുമാറാണ് ആ നിയോഗം ഏൽപ്പിച്ചത്.

കൊവി​ഡ് മാനദണ്ഡം പാലി​ക്കേണ്ടതി​നാലാണ് രണ്ട് വർഷമായി ശബരി​മലയാത്ര ഒഴി​വാക്കി​യത്. കൊവി​ഡ് ഭീതി​യൊഴി​ഞ്ഞാൽ ആരോഗ്യം അനുവദി​ക്കും വരെ കാനനവാസന്റെ ദർശനത്തി​നായി​ പോകും.

രാമചന്ദ്രൻനായർ

പെരി​യസ്വാമി​

Advertisement
Advertisement