മിസ് കേരള അടക്കമുള്ളവരുടെ മരണം, മോഡലുകൾക്ക് റോയ് ദുരുദ്ദേശ്യത്തോടെ മദ്യസത്‌കാരം നടത്തിയെന്ന് പൊലീസ്

Friday 19 November 2021 12:40 AM IST

കൊച്ചി: മുൻ മിസ് കേരള അൻസി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജിക്കും അവരുടെ രണ്ട് സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തിയതിൽ ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിന് (51) ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന് പൊലീസ്. ഇന്നലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഗുരുതരമായ ആരോപണം.

ഇവർക്ക് ഹോട്ടലിന്റെ ഒന്ന്, രണ്ട് നിലകളിലോ ഡി.ജെ.ഹാളിലോ പാർക്കിംഗ് ഏരിയയിലോ വച്ച് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. ബിയറിൽ ലഹരി കലർത്തിയോ എന്നും സംശയമുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കാണ് നശിപ്പിച്ചത്.

മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു റോയിയുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് കരുതുന്നത്. നിർബന്ധത്തിന് വഴങ്ങാതെ ഹോട്ടൽ വിട്ടിറങ്ങിയ മോഡലുകൾക്കും സുഹൃത്തുക്കൾക്കും പിന്നാലെ വ്യാപാരിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെ പറഞ്ഞുവിട്ടു. ഇവരെ തിരികെ എത്തിക്കാനായിരുന്നു ഇത്. ഇയാൾ കുണ്ടന്നൂരിൽ വച്ച് യുവതികളോട് ആവശ്യപ്പെട്ടതും ഹോട്ടലിലേക്ക് മടങ്ങണമെന്നാണ്. ഇവിടെ നിന്ന് അമിതവേഗത്തിൽ മുന്നോട്ട് പോകുമ്പോഴാണ് പാലാരിവട്ടത്ത് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചത്.

അറസ്റ്റിലായ റോയിയുടെ ഡ്രൈവർ മെൽവിനും വിഷ്ണുകുമാറും ചേർന്നാണ് ഹോട്ടലിലെ ഡാൻസ് ഹാളിൽ നിന്ന് മാറ്റിയ ഹാർഡ് ഡിസ്‌ക് വേമ്പനാട്ടുകായലിൽ എറഞ്ഞതെന്നും കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.

രാത്രി നെഞ്ചുവേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റോയിയുടെ മൊഴി ഇന്നലെ മജിസ്ട്രേട്ട് എത്തി രേഖപ്പെടുത്തി. ഇയാൾക്ക് ഹൃദയാഘാതമുണ്ടായെന്നും ഇപ്പോൾ നില തൃപ്തികരമാണെന്നും ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

 അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കേസന്വേഷണം ഇന്നലെ എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. എ.സി.പി ബിജി ജോർജിനാണ് ചുമതല. സൗത്ത് എ.സി.പി നിസാമുദ്ദീന്റെ നേതൃത്വത്തിൽ സി.ഐ കെ. അനന്തലാലാണ് കേസ് അന്വേഷിച്ചിരുന്നത്.

പാലാരിവട്ടം പൊലീസിന്റെ കണ്ടെത്തലുകൾ തെളിയിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ വെല്ലുവിളി.


പൊലീസിന്റെ തിരക്കഥയെന്ന്

അപകടവുമായി ബന്ധമില്ലെന്ന് ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർ മദ്യം കഴിച്ചത് പണം നൽകിയാണ്. തന്നെയും തന്റെ സ്ഥാപനത്തെയും അപമാനിക്കാനാണ് ശ്രമമെന്നും റോയ് പറഞ്ഞു.

ചോദ്യംചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയതായി ഹോട്ടൽ ജീവനക്കാരായ പ്രതികൾ കോടതിയിൽ പറഞ്ഞു. പരാതി എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു.

നരഹത്യക്കുറ്റം ചുമത്തിയത് പൊലീസ് തിരക്കഥയാണ്. കാർ ഓടിച്ചയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. സൈജുവിനെ പിടികൂടിയിട്ടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.

പാർട്ടിയിൽ പങ്കെടുത്തവരെ
ചോദ്യം ചെയ്തു തുടങ്ങി

ഒക്ടോബർ 31ന് രാത്രി നമ്പർ 18 ഹോട്ടലിൽ നടന്ന ദുരൂഹ സംഭവങ്ങളെക്കുറിച്ച് അറിയാൻ അന്ന് നിശാപാർട്ടിയിൽ പങ്കെടുത്തവരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു തുടങ്ങി. പാലാരിവട്ടം സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. പാർട്ടിയിൽ പങ്കെടുത്തവർ ആരൊക്കെ, സിനിമാ, രാഷ്ട്രീയ രംഗത്തെ ഉന്നതരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നോ, അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിയുന്നത്.

 മുൻകൂർജാമ്യം തേടി ഔഡി കാർ ഡ്രൈവർ

മോഡലുകളുടെ കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ കാക്കനാട് ഇടച്ചിറ സ്വദേശി സൈജു എം. തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. സർക്കാരിന്റെ വിശദീകരണം തേടിയ സംഗിൾ ബെഞ്ച് ഹർജി പിന്നീട് പരിഗണിക്കും.
അപകടത്തിൽപ്പെട്ട കാർ ഓടിച്ച അബ്ദുൾ റഹ്മാനെ അമിതമായി മദ്യപിച്ച നിലയിൽ നമ്പർ 18 ഹോട്ടലിൽ കണ്ടിരുന്നു. കാർ ഓടിക്കരുതെന്ന് പറഞ്ഞെങ്കിലും ഇയാൾ ഗൗനിച്ചില്ല. ഇവരെ കുണ്ടന്നൂർ ജംഗ്ഷനിൽ റോഡരികിൽ കിടക്കുന്നത് കണ്ടപ്പോഴും ഇക്കാര്യം പറഞ്ഞു.

തൈക്കൂടം മേല്പാലത്തിൽ താനോടിച്ച കാറിനെ അബ്ദുൽ റഹ്മാൻ മറികടന്നു. മിനിറ്റുകൾ കഴിഞ്ഞാണ് അപകടസ്ഥലത്ത് താൻ എത്തിയതെന്ന് ഹർജിയിൽ പറയുന്നു.

റിമാൻഡ് റിപ്പോർട്ട്

 ഒന്നാം പ്രതി അബ്ദുൾ റഹ്മാനും യുവതികളായ അൻസി, അഞ്ജന, ആഷിഖ് എന്നിവരും ഡി.ജെ പാർട്ടിക്കായി ഹോട്ടലിൽ ഒത്തുകൂടി.

 രണ്ടാം പ്രതിയും ഹോട്ടലുടമയുമായ റോയ് വയലാട്ട് യുവതികളുമായും അബ്ദുൾ റഹ്മാനുമായി പരിചയം പുതുക്കി. മുഹമ്മദ് ആഷിക്കിനെ പരിചയപ്പെട്ടു.

 50ലേറെ പേരെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി.ജെ പാർട്ടി സംഘടിപ്പിച്ചു

 രാത്രി ഒമ്പത് മണിക്ക് ശേഷം ബാർ പ്രവർത്തിപ്പിച്ച് റോയ് യുവതികൾക്കും യുവാക്കൾക്കും ദുരുദ്ദേശ്യത്തോടെ അമിതമായി മദ്യം നൽകി

 രാത്രിയിലെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ കാമറകൾ ഓഫാക്കി

 ഒന്ന്, രണ്ട് നിലകളിലെയും പാർക്കിംഗ് ഏരിയയിലെയും ദൃശ്യങ്ങളിൽ യുവതികളുണ്ടെന്ന് മനസിലാക്കി ഇത് നശിപ്പിച്ചു

 മൂന്ന് മുതൽ ഏഴുവരെ പ്രതികൾ റോയിയുടെ നിർദ്ദേശ പ്രകാരം ഹാർഡ് ഡിസ്‌ക് നശിപ്പിക്കാൻ കൂട്ടുനിന്നു

 ലഹരി കൈമാറുന്ന ദൃശ്യം നശിപ്പിച്ചതായും സംശയിക്കുന്നു

ഹാർഡ് ഡിസ്‌ക് റോയിയുടെ വീടിനടുത്ത് കായലിൽ ഉപേക്ഷിച്ചു.

Advertisement
Advertisement