പ്രവാസിപ്പണമൊഴുക്കിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

Friday 19 November 2021 3:32 AM IST

കൊച്ചി: ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന പട്ടം കൊവിഡ് പ്രതിസന്ധിക്കിടയിലും കരുത്തോടെ നിലനിറുത്തി ഇന്ത്യ. 2020ലെ 8,314 കോടി ഡോളറിനേക്കാൾ 4.6 ശതമാനം വളർച്ചയോടെ 8,700 കോടി ഡോളറാണ് ഈവർഷം ഇന്ത്യയിലേക്ക് ഒഴുകിയതെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട് വിലയിരുത്തുന്നു. 2019ൽ 8,333 കോടി ഡോളറും 2018ൽ 7,879 കോടി ഡോളറുമാണ് ഇന്ത്യ നേടിയത്.

5,300 കോടി ഡോളർ നേടിയ ചൈനയാണ് ഈവർഷം രണ്ടാമതുള്ളത്. 2020ൽ ചൈന 5,950 കോടി ഡോളർ നേടിയിരുന്നു. മെക്‌സിക്കോ (5,274 കോടി ഡോളർ), ഫിലിപ്പീൻസ് (3,624 കോടി ഡോളർ), ഈജിപ്‌ത് (3,333 കോടി ഡോളർ), പാകിസ്ഥാൻ (3,300 കോടി ഡോളർ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. പാകിസ്ഥാനിലേക്കുള്ള പണമൊഴുക്കിലെ വർദ്ധന 26 ശതമാനമാണ്. ഇന്ത്യയുടെ അയൽപ്പക്കത്തുള്ള ബംഗ്ളാദേശ് 2,300 കോടി ഡോളറും ശ്രീലങ്ക 670 കോടി ഡോളറും നേപ്പാൾ 850 കോടി ഡോളറും നേടി.

ആഗോള മുന്നേറ്റം 7.3%

2020ൽ കൊവിഡ് പ്രതിസന്ധി മൂലം ആഗോളതലത്തിൽ പ്രവാസിപ്പണമൊഴുക്ക് 1.7 ശതമാനം ഇടിഞ്ഞിരുന്നു. ഈവർഷം പണമൊഴുക്ക് 7.3 ശതമാനം വർദ്ധിച്ച് 58,900 കോടി ഡോളറിലെത്തി. ഏറ്റവുമധികം വളർച്ച ഇക്കുറി കുറിച്ചത് ലാറ്റിൻ അമേരിക്ക-കരീബിയൻ മേഖലയാണ് (21.6 ശതമാനം). ലോകബാങ്കിന്റെ റിപ്പോർട്ടിലെ വളർച്ചാക്കണക്ക് ഇങ്ങനെ:

 ലാറ്റിൻ അമേരിക്ക-കരീബിയൻ : 21.6%

 മിഡിൽ ഈസ്‌റ്റ്-നോർത്ത് ആഫ്രിക്ക : 9.7%

 ദക്ഷിണേഷ്യ : 8%

 സബ്-സഹാറൻ ആഫ്രിക്ക : 6.2%

 യൂറോപ്പ്-മദ്ധ്യേഷ്യ : 5.3%

 കിഴക്കനേഷ്യ-പസഫിക് : -4%

$8,960 കോടി

ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് 2022ൽ മൂന്ന് ശതമാനം വർദ്ധിച്ച് 8,960 കോടി ഡോളറാകുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ.

അമേരിക്കൻപണം

ഈവർഷം ഏറ്റവുമധികം പ്രവാസിപ്പണം മറ്റുരാജ്യങ്ങളിലേക്ക് ഒഴുകിയത് അമേരിക്കയിൽ നിന്നാണ്. യു.എ.ഇ., സൗദി അറേബ്യ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യയിലേക്കെത്തിയ പ്രവാസിപ്പണത്തിൽ 20 ശതമാനവുമായി അമേരിക്കയാണ് മുന്നിൽ. യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവയാണ് മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.

കേരളമാണ് താരം

ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിൽ ഏറ്റവുമധികം കേരളത്തിലേക്കാണ്; 19 ശതമാനം. മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.

Advertisement
Advertisement