ദേശീയപാതയിൽ കാഴ്ചക്കാരായി അഗ്നിശമനസേന

Friday 19 November 2021 2:16 AM IST

കൊല്ലം: ദേശീയപാതയിലും എം.സി റോഡിലും അത്യാഹിതമുണ്ടായാൽ കൃത്യസമയത്ത് എത്താനാവാതെ അഗ്നിശമന കുഴങ്ങുന്നു. പനവേലി- കന്യാകുമാരി ദേശീയപാതയിൽ (എൻ.എച്ച് 66) ചവറ കഴിഞ്ഞാൽ ആറ്റിങ്ങലിൽ മാത്രമാണ് അഗ്നിശമനസേന നിലയമുള്ളത്. നഗരത്തിലും ബൈപാസിലും ഉൾപ്പെടെ പാരിപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ അപകടമോ അത്യാഹിതമോ ഉണ്ടായാൽ കടപ്പാക്കടയിൽ നിന്നുള്ള അഗ്നിശമനസേന തന്നെയാണ് ഇപ്പോഴും ശരണം.

ചാത്തന്നൂർ, പാരിപ്പള്ളി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി പരവൂരിൽ സേനാനിലയം പ്രവർത്തിക്കുന്നുണ്ടെങ്കിലും പാരിപ്പള്ളി ഭാഗത്തേക്ക് ഇവർ എത്തണമെങ്കിൽ ഒല്ലാൽ റെയിൽവേ ഗേറ്റ് കടക്കണം. പരവൂരിൽ നിന്ന് അഗ്നിശമനസേന സംഭവ സ്ഥലത്തെത്തുന്നതിനേക്കാൾ വേഗത്തിൽ കടപ്പാക്കടയിൽ നിന്ന് സേന എത്തിച്ചേരുകയും ചെയ്യും. 2018 ആഗസ്റ്റ് 12ന് പുലർച്ചെ കൊട്ടിയം ഇത്തിക്കരയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ എക്സ്‌പ്രസും ലോറിയും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിലും രക്ഷാപ്രവർത്തനത്തിനായി സേന എത്തിയപ്പോഴും വളരെ വൈകിയിരുന്നു. ചാത്തന്നൂർ കേന്ദ്രീകരിച്ച് അഗ്നിശമനസേന നിലയം പ്രവർത്തനം ആരംഭിക്കുമെന്ന് വർഷങ്ങൾക്ക് മുൻപുള്ള വാഗ്ദാനം ഇപ്പോഴും നടപ്പായിട്ടില്ല.

ചാത്തന്നൂരിൽ നിലയം പ്രവർത്തനം ആരംഭിച്ചാൽ കൊട്ടിയം മുതൽ പാരിപ്പള്ളി വരെയുള്ള ദേശീയപാതയിലെ അപകടങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്താൻ കഴിയുമായിരുന്നു. ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന്റെ സ്ഥലം സേനാനിലയം സ്ഥാപിക്കാനായി വിട്ടുനൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

 അവസ്ഥയ്ക്ക് മാറ്റമില്ല

നിലമേൽ മുതൽ ഏനാത്ത് വരെയുള്ള എം.സി റോഡിന്റെ അവസ്ഥയും വിഭിന്നമല്ല. ഇവിടങ്ങളിൽ അവശ്യ സേവനത്തിനായി കൊട്ടാരക്കര, കടയ്ക്കൽ സ്റ്റേഷനുകൾ മാത്രമാണ് ആശ്രയം. ആൾബലം കുറവുള്ള കൊട്ടാരക്കര സ്റ്റേഷനിൽ രാത്രികാല അടിയന്തര ഘട്ടങ്ങൾ കൂടുതലുമാണ്. എം.സി റോഡിലും സേനയുടെ ജില്ലാആസ്ഥാനത്ത് നിന്നുള്ള സേവനം ഉപയോഗപ്പെടുത്തേണ്ടി വരുന്ന സാഹചര്യങ്ങൾ നിരവധിയുണ്ടായിട്ടും അധികൃതർ മാത്രം അറിഞ്ഞമട്ടില്ല. ഓയൂർ കേന്ദ്രീകരിച്ച് സേനാനിലയം സ്ഥാപിക്കുമെന്ന് ജനപ്രതിനിധികൾ പലതവണ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായിട്ടില്ല.

 അവസ്ഥ നേരിട്ടറിയാവുന്നവർ

അഗ്നിശമനസേനയുടെ ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും ജിന്നയിലെ ബുദ്ധിമുട്ട് നേരിട്ടറിയാവുന്നവരാണ്. സംസ്ഥാനത്തെ ആറ് മേഖലയുടെ ചുമതലക്കാരിൽ 4 പേരും ജില്ലയിൽ നിന്നുള്ളവരാണ്. കൂടാതെ 14 ജില്ലാ ഫയർ ഓഫീസർമാരിൽ 9 പേരും കൊല്ലത്ത് നിന്നുള്ളവരാണ്. ഇവരിൽ പലരും കൊല്ലത്തിന്റെ ചുമതലയിലുള്ളപ്പോൾ ഇത്തരം പുതിയ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തിരുന്നു. സ്ഥലമാറ്റം ലഭിക്കുമ്പോൾ ഇവർ ഇക്കാര്യം മറക്കുന്ന അവസ്ഥയാണുള്ളത്.

 ഒതുങ്ങിയ നിലയങ്ങൾ

1. കുളത്തൂപ്പുഴ

2. ഓയൂർ

3. ചാത്തന്നൂർ

Advertisement
Advertisement