അഭിമുഖത്തിൽ ഒന്നാം സ്ഥാനം പ്രിയയ്‌ക്ക്, നിയമനം നൽകുമെന്ന് സർവകലാശാല; നടപടി യോഗ്യത ഇല്ലെന്ന പരാതി കണക്കിലെടുക്കാതെ

Friday 19 November 2021 5:11 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമിക്കും. അഭിമുഖത്തിൽ പ്രിയ ഒന്നാമതെത്തിയതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. മതിയായ യോഗ്യതകളില്ലാതെയാണ് ഇവരെ തസ്‌തികയിലേക്ക് പരിഗണിച്ചതെന്ന പേരിൽ ആദ്യം മുതലേ എതിർപ്പുകൾ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അഭിമുഖത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്‌ക്കുള്ളത് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങളാണ്. അതേസമയം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്‌ക്ക് 102 ഗവേഷണ പ്രബന്ധങ്ങളുണ്ട്. , 27 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അദ്ദേഹം ആറ് പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുര‌സ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസറായി മാത്രം 14 വർഷത്തെ പരിചയവുമുണ്ട്. ഇദ്ദേഹത്തെ പിന്തള്ളിയാണ് 2012ൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കയറിയ പ്രിയയെ പരിഗണിച്ചുവെന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്.

യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദവും എട്ട് വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലുള്ള അദ്ധ്യാപന പരിചയവുമാണ് വേണ്ട യോഗ്യത. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പറയുന്നുണ്ട്.

2012 ൽ തൃശൂർ കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമപ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അത് പരിഗണിച്ചാൽ പ്രിയ വർഗിസീന്റെ ആകെ അദ്ധ്യാപന പരിചയം നാലുവർഷം മാത്രമാണ്.

കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ, ഭാഷാ വിഭാഗം മേധാവി, ഡീൻ, സബ്‌ജക്‌ട് കമ്മിറ്റിയിൽ മൂന്നു പേർ ഇവരെല്ലാം ചേർന്നാണ് പ്രിയയെ തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം കണ്ണൂർ സർവകലാശാല പ്രിയയ്‌ക്ക് മതിയായ അദ്ധ്യാപന പരിചയമുണ്ടെന്നാണ് വാദിക്കുന്നത്.

Advertisement
Advertisement